പശ്ചിമേഷ്യയിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ തകർന്നടിയുന്ന ഇറാനിലെ ജനതയ്ക്ക് കൈത്താങ്ങായി കശ്മീരിലെ സാധാരണക്കാർ. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സ്വർണ്ണാഭരണങ്ങളും പണവും ചെമ്പ് പാത്രങ്ങളും കന്നുകാലികളെ വരെയും ദാനം ചെയ്ത് കശ്മീർ താഴ്വര ലോകത്തിന് മാതൃകയാവുകയാണ്. കശ്മീരിലെ ജനങ്ങളുടെ ഈ വലിയ മനസ്സിനെ വാനോളം പുകഴ്ത്തി ഇന്ത്യയിലെ ഇറാൻ എംബസി രംഗത്തെത്തി. “ഹൃദയം നിറഞ്ഞ നന്ദിയോടെ ഞങ്ങൾ കശ്മീരിലെ ദയാലുക്കളായ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഇറാനിലെ ജനങ്ങൾക്കൊപ്പം മാനുഷികമായ പിന്തുണയുമായി നിന്ന ഈ സ്നേഹം ഒരിക്കലും മറക്കില്ല. നന്ദി ഇന്ത്യ,” – ഇറാൻ എംബസി എക്സിൽ (X) കുറിച്ചു.
ഈദ് ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ ഞായറാഴ്ചയാണ് കശ്മീരിലെ ഷിയാ ഭൂരിപക്ഷ മേഖലകളിൽ യുവാക്കൾ വീടുകൾ തോറും കയറിയിറങ്ങി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ശേഖരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരും ഈ ദൗത്യത്തിൽ പങ്കാളികളായി. പണത്തിന് പുറമെ സ്വർണ്ണാഭരണങ്ങളും കശ്മീരിലെ വീടുകളിൽ ഐശ്വര്യത്തിന്റെ പ്രതീകമായി കരുതുന്ന വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും സ്ത്രീകൾ ഉദാരമായി നൽകി. ചില കുടുംബങ്ങൾ തങ്ങളുടെ ആടുകളെയും മറ്റ് കന്നുകാലികളെയും വരെ ദുരിതാശ്വാസത്തിനായി വിട്ടുനൽകിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ എംബസി ഈ ദാനശീലത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
രാഷ്ട്രീയ ഭേദമന്യേ കശ്മീരിലെ പ്രമുഖരും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബുദ്ഗാം എംഎൽഎ മുൻതാസിർ മെഹ്ദി തന്റെ ഒരു മാസത്തെ ശമ്പളം ഇറാൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചു. “#KashmirWithIran, #StandWithIran എന്നീ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.









