പ്യോങ്യാങ് : ഉത്തര കൊറിയയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 99.93 ശതമാനം വോട്ടുകൾ നേടി കിം ജോങ് ഉൻ വീണ്ടും അധികാരത്തിലെത്തി. മാർച്ച് പതിനഞ്ചിനായിരുന്നു ഉത്തര കൊറിയയിൽ തിരഞ്ഞെടുപ്പ് നടന്നത്. വമ്പിച്ച വിജയത്തെത്തുടർന്ന് കിം ജോങ് ഉന്നിനെ രാജ്യത്തിന്റെ പരമോന്നത സമിതിയായ സ്റ്റേറ്റ് അഫയേഴ്സ് കമ്മീഷന്റെ (SAC) പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. ഇത് അദ്ദേഹത്തിന്റെ തുടർച്ചയായ മൂന്നാം ഊഴമാണ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള ലോകനേതാക്കൾ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.
കടലിലും വിദേശത്തും ജോലി ചെയ്യുന്ന വളരെ ചെറിയൊരു വിഭാഗം ഒഴികെ രാജ്യത്തെ മുഴുവൻ ജനങ്ങളും വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണ് ഉത്തര കൊറിയയിൽ നടന്നത്. പതിനഞ്ചാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി മാർച്ച് 15 ന് നടന്ന തിരഞ്ഞെടുപ്പിൽ , ഭരണകക്ഷിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ എല്ലാ സീറ്റുകളിലും വിജയിച്ചതായി സംസ്ഥാന മാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു. ആകെ 687 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. എല്ലാ സീറ്റുകളിലും ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ പ്രതിനിധികൾ വിജയിച്ചു. ഓരോ മണ്ഡലത്തിലും സർക്കാർ അംഗീകരിച്ച ഒരു സ്ഥാനാർത്ഥി മാത്രമേ ഉണ്ടാകൂ എന്നതാണ് ഉത്തര കൊറിയയിലെ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത.
ആകെയുള്ള ഒരേയൊരു സ്ഥാനാർത്ഥിക്ക് അനുകൂലമായോ പ്രതികൂലമായോ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്നതാണ്. എന്നാൽ ബാലറ്റ് പേപ്പറിൽ രഹസ്യ സ്വഭാവം ഇല്ലാത്തതിനാൽ വോട്ടർമാർ ഭയന്നാണ് വോട്ട് ചെയ്യുന്നതെന്ന വിമർശനമാണ് ഉത്തര കൊറിയക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.








