പാലക്കാട് : കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതി പിൻവലിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് പരാതിക്കാരിയായ യുവതി. വടകര എം.പി ഷാഫി പറമ്പിൽ, പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ എന്നിവരുടെ പേര് പറഞ്ഞാണ് പ്രാദേശിക നേതാക്കൾ തന്നെ ഭീഷണിപ്പെടുത്തിയതെന്ന് യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ മുന്നിൽ വച്ച് പ്രശോഭ് ഷാഫി പറമ്പിലിന് വീഡിയോ കോൾ ചെയ്തെന്നും പരാതിക്കാരി വ്യക്തമാക്കി.
പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് ജോലി വാഗ്ദാനം ചെയ്ത് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കേസ് ഒത്തുതീർപ്പാക്കാൻ വലിയ തുക വാഗ്ദാനം ചെയ്തതായും, വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ നേതാക്കളുടെ പേര് പറഞ്ഞ് ഭയപ്പെടുത്താൻ ശ്രമിച്ചതായും യുവതി ആരോപിക്കുന്നു.
ഷാഫി പറമ്പിലിനും ശ്രീകണ്ഠനും ഇതിൽ പങ്കുണ്ടെന്നും, കേസ് മുന്നോട്ട് കൊണ്ടുപോയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. ഭീഷണികൾക്ക് വഴങ്ങില്ലെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും യുവതി അറിയിച്ചു.








