വാഷിംഗ്‌ടൺ : ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ ക്രൂ അംഗത്തെ അതിസാഹസികമായ നീക്കത്തിലൂടെ അമേരിക്കൻ സൈന്യം രക്ഷിച്ചതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ ‘സെർച്ച് ആൻഡ് റെസ്‌ക്യൂ’ ഓപ്പറേഷനുകളിൽ ഒന്നാണ് നടന്നതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ നടത്തിയ പ്രഖ്യാപനത്തിൽ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തെക്കുപടിഞ്ഞാറൻ ഇറാനിൽ വെച്ച് അമേരിക്കയുടെ എഫ്-15 വിമാനം ഇറാൻ വെടിവെച്ചിട്ടത്.
യുഎസ് വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ അന്നേ ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാമത്തെ പൈലറ്റും വെപ്പൺ സിസ്റ്റംസ് ഓഫീസറുമായ മറ്റൊരു യുഎസ് സൈനികൻ ഇറാനിലെ ദുർഘടമായ മലനിരകളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി ഇറാൻ സൈന്യം വ്യാപക തിരച്ചിൽ നടത്തുന്നതിനിടയിലാണ് അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് മിന്നൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.
ഇറാനിയൻ സൈന്യം ഈ യുഎസ് പൈലറ്റിനെ കണ്ടെത്താനായി 60,000 ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡസൻ കണക്കിന് അത്യാധുനിക യുദ്ധവിമാനങ്ങളുടെയും നൂറിലധികം സ്പെഷ്യൽ ഫോഴ്സ് കമാൻഡോകളുടെയും അകമ്പടിയോടെയാണ് യുഎസിന്റെ രക്ഷാ ദൗത്യം നടന്നത്. പരിക്കുകളുണ്ടെങ്കിലും അദ്ദേഹം ഇപ്പോൾ സുരക്ഷിതനാണെന്നും കുവൈറ്റിലെ സൈനിക താവളത്തിൽ ചികിത്സയിലാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.








