മനാമ : ബഹ്‌റൈനിലെ സിത്രയിലുള്ള ബാപ്‌കോ എനർജീസിന് നേരെ ഡ്രോൺ ആക്രമണം. എണ്ണ ശുദ്ധീകരണ ശാലയിലെ സംഭരണ ടാങ്കിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആകാശത്തേക്ക് നൂറുകണക്കിന് അടി ഉയരത്തിൽ തീഗോളങ്ങളും കറുത്ത പുകപടലങ്ങളും ഉയർന്നത് പരിഭ്രാന്തി പരത്തി.
സിത്ര ദ്വീപിലെ ബാപ്‌കോ റിഫൈനറി സമുച്ചയത്തിലാണ് ആക്രമണം ഉണ്ടായത്. വലിയ സ്ഫോടന ശബ്ദത്തോടെയാണ് തീപിടുത്തമുണ്ടായത്. റിഫൈനറിയിലെ ഒരു ഫ്യുവൽ സ്റ്റോറേജ് ടാങ്കിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിന് തൊട്ടുപിന്നാലെ ആകാശം ചുവക്കുന്ന രീതിയിൽ വലിയ തീഗോളങ്ങൾ ദൃശ്യമായി. കിലോമീറ്ററുകൾ അകലെ നിന്നുപോലും പുകപടലങ്ങൾ ദൃശ്യമായിരുന്നു. ബഹ്‌റൈൻ സിവിൽ ഡിഫൻസ് വിഭാഗവും ബാപ്‌കോയിലെ എമർജൻസി റെസ്പോൺസ് ടീമും ഉടനടി സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ബാപ്‌കോ എനർജീസ് പ്രസ്താവനയിൽ അറിയിച്ചു.








