ന്യൂഡൽഹി : പാക് അധീന കശ്മീരിലെ ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമർത്തുന്ന പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ. പതിറ്റാണ്ടുകളായി പാകിസ്ഥാൻ ഈ മേഖലയിൽ നടത്തുന്ന ആസൂത്രിതമായ ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും അനന്തരഫലമാണ് നിലവിലെ ജനരോഷമെന്ന് വ്യക്തമാക്കിയ ഇന്ത്യ, കശ്മീരി ജനതയ്ക്ക് നേരെയുള്ള നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളിൽ പാകിസ്ഥാനെ അന്താരാഷ്ട്ര സമൂഹം പ്രതിക്കൂട്ടിൽ നിർത്തണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് പാകിസ്ഥാന്റെ ഇരട്ടത്താപ്പും ക്രൂരതയും ആഗോള സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയത്.
മേഖലയിലെ യഥാർത്ഥ സാഹചര്യം മറച്ചുവെക്കാൻ പാകിസ്ഥാൻ വ്യാജ വാർത്തകളും കൃത്രിമ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമസമ്മേളനത്തിൽ ആരോപിച്ചു. സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാനുമുള്ള പാകിസ്ഥാന്റെ നിരാശാജനകമായ ശ്രമങ്ങളുടെ ഭാഗമാണിത്. റാവൽകോട്ട്, മുസാഫറാബാദ്, മിർപൂർ തുടങ്ങിയ നഗരങ്ങളിൽ ജനങ്ങൾ നേരിടുന്ന ക്രൂരമായ പൊലീസ് അതിക്രമങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണം. സ്വന്തം പൗരന്മാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം നരനായാട്ടുകൾക്ക് പാകിസ്ഥാൻ മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാന്റെ നിയമവിരുദ്ധമായ അധിനിവേശമാണ് മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നുമാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.
ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിവേചനവുമാണ് പാക് അധീന കശ്മീരിലെ ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. ഗോതമ്പ് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും വൈദ്യുതിക്കും സബ്‌സിഡി വേണമെന്നും തങ്ങളുടെ അടിസ്ഥാനപരമായ പൗരാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജമ്മു കാശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിലാണ് മേഖലയിൽ സമരം ആരംഭിച്ചത്. എന്നാൽ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുന്നതിന് പകരം ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി വിച്ഛേദിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും കടുത്ത അടിച്ചമർത്തൽ നയമാണ് പാക് ഭരണകൂടം സ്വീകരിച്ചത്. സമരനേതാക്കൾക്ക് മേൽ വൻ തുക പ്രതിഫലം പ്രഖ്യാപിക്കുകയും പ്രതിഷേധക്കാരെ നേരിടാൻ വലിയ തോതിൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു. സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പാക് പോലീസ് നടത്തിയ വെടിവെയ്പ്പിലും അക്രമങ്ങളിലും നിരവധിയാളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.








