ബീജിങ്: അഴിമതിക്കും പാർട്ടി അച്ചടക്ക ലംഘനങ്ങൾക്കുമെതിരെയുള്ള നടപടിയുടെ ഭാഗമായി ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന , സിൻജിയാങ് പ്രവിശ്യയിലെ മുൻ പാർട്ടി മേധാവി മാ സിങ്‌റൂയിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പൊതുസേവനങ്ങളിൽ നിന്ന് നീക്കുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും ഉയർന്ന തീരുമാനങ്ങളെടുക്കുന്ന സമിതിയായ പൊളിറ്റ് ബ്യൂറോയിലെ അംഗം കൂടിയായിരുന്നു മാ സിങ്‌റൂയി. അദ്ദേഹം തന്റെ ആദർശങ്ങളും വിശ്വാസങ്ങളും കൈവിട്ടതായും രാഷ്ട്രീയ ബോധ്യം ഉപേക്ഷിച്ചതായും പാർട്ടിയുടെ തത്വങ്ങളെ വഞ്ചിച്ചതായും രാഷ്ട്രീയ അച്ചടക്കവും നിയമങ്ങളും ഗുരുതരമായി ലംഘിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
67-കാരനായ മാ സിങ്‌റൂയി, 24 അംഗങ്ങളുള്ള ചൈനീസ് പൊളിറ്റ് ബ്യൂറോയിൽ നിന്ന് 2022-ൽ ആരംഭിച്ച നിലവിലെ പാർട്ടി കാലാവധിക്കുള്ളിൽ അന്വേഷണം നേരിടുന്ന മൂന്നാമത്തെ അംഗമാണ്. 105 വർഷത്തെ പാർട്ടിയുടെ സമീപകാല ചരിത്രത്തിൽ ഇത് വളരെ അപൂർവ്വമായ ഒന്നാണ്.
2012-ൽ അധികാരം ഏറ്റെടുത്തതു മുതൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അഴിമതിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിനോടകം നൂറുകണക്കിന് പാർട്ടി-സൈനിക ഉദ്യോഗസ്ഥരാണ് അഴിമതിക്കും അച്ചടക്ക ലംഘനങ്ങൾക്കുമായി ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് മാ സിങ്‌റൂയി സിൻജിയാങ് ഉയ്ഗർ സ്വയംഭരണ പ്രദേശത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. സിപിസിയുടെ റൂറൽ അഫയേഴ്സ് ലീഡിങ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ഹെഡ് കൂടിയായിരുന്ന അദ്ദേഹം നവംബർ മുതൽ പാർട്ടിയുടെ പ്രധാന ചടങ്ങുകളിൽ നിന്നെല്ലാം വിട്ടുനിന്നിരുന്നു. ഇത് അദ്ദേഹത്തിന്റെ അപ്രത്യക്ഷമാകലിനെക്കുറിച്ച് പലവിധ അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.
തുടർന്ന് ഏപ്രിൽ മാസത്തിലാണ് മാ സിങ്‌റൂയിക്കെതിരെയുള്ള അന്വേഷണം ചൈന പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ അഴിമതിക്കേസുകളെക്കുറിച്ച് സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ സമർപ്പിച്ച റിപ്പോർട്ട് പൊളിറ്റ് ബ്യൂറോ അവലോകനം ചെയ്യുകയും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ അനുമതി നൽകുകയുമായിരുന്നു.
ഒരു എയ്‌റോസ്‌പേസ് (അന്തരീക്ഷ-ബഹിരാകാശ ശാസ്ത്ര) വിദഗ്ദ്ധനായ മാ സിങ്‌റൂയി, ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷനിൽ വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. 2007 മുതൽ 2013 വരെ അതിന്റെ ജനറൽ മാനേജരായിരുന്നു. ആ കാലയളവിൽ ചൈനയുടെ മനുഷ്യനിയന്ത്രിത ബഹിരാകാശ പദ്ധതിയുടെ ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ആയും രാജ്യത്തിന്റെ പുതിയ തലമുറ കാരിയർ റോക്കറ്റ് പ്രോജക്റ്റിന്റെ കമാൻഡർ-ഇൻ-ചീഫ് ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എയ്‌റോസ്‌പേസ് മേഖലയിൽ മാ സിങ്‌റൂയിയുടെ കീഴിൽ ജോലി ചെയ്തിരുന്ന പല മുൻ ഉദ്യോഗസ്ഥരും അടുത്ത കാലത്തായി അഴിമതി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അന്വേഷണം നേരിടുന്നുണ്ട്.
2022 മുതൽ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലെ കുറഞ്ഞത് 24 അംഗങ്ങളെയെങ്കിലും പുറത്താക്കുകയോ അന്വേഷണത്തിന് വിധേയമാക്കുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം പാർട്ടി, സർക്കാർ, സൈന്യം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ 65 മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് ചൈന നടപടി സ്വീകരിച്ചത്.











