ടെഹ്റാൻ : ഇറാനിൽ ഇന്ന് രാത്രി വലിയതോതിലുള്ള ആക്രമണം ഉണ്ടാകുമെന്ന് സൂചന. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാൻ അനുവദിച്ച സമയം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചയോടെ കഴിയുന്നതിനാൽ കനത്ത വ്യോമാത്രമാണ് നടക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസി ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം പുറത്തിറക്കി. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ പൗരന്മാർ അനാവശ്യമായ പുറത്തിറങ്ങരുതെന്നും, നിലവിൽ എവിടെയാണോ ഉള്ളത് അവിടെ സുരക്ഷിതസ്ഥാനങ്ങളിൽ തന്നെ തുടരണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. വൈദ്യുതി നിലയങ്ങൾ, സൈനിക താവളങ്ങൾ എന്നിവയുടെ പരിസരത്ത് നിന്ന് വിട്ടുനിൽക്കണം, ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിൽ താമസിക്കുന്നത് ഒഴിവാക്കാനും താഴത്തെ നിലകളിലേക്ക് മാറണം എന്നീ നിർദ്ദേശങ്ങളും ഇന്ത്യൻ എംബസി നൽകിയിട്ടുണ്ട്.
ഹൈവേകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യേണ്ടി വന്നാൽ എംബസിയുമായി മുൻകൂട്ടി ബന്ധപ്പെട്ട് അനുമതി വാങ്ങണമെന്നും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. എംബസി ഏർപ്പാടാക്കിയ ഹോട്ടലുകളിൽ കഴിയുന്നവർ അവിടെത്തന്നെ തുടരുകയും എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്യണമെന്നും അറിയിപ്പുണ്ട്.








