ന്യൂഡൽഹി : കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഗുജറാത്ത് ജനതയ്ക്കും ഉത്തരേന്ത്യൻ ജനതയ്ക്കും എതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആരെയും വ്യക്തിപരമായോ ഒരു സംസ്ഥാനത്തെയോ അധിക്ഷേപിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഖാർഗെ സൂചിപ്പിച്ചു. വിഷയത്തിൽ താൻ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായും കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.
ഖാർഗെയുടെ വിവാദ പരാമർശത്തിനെതിരെ ബിജെപി ശക്തമായി രംഗത്ത് എത്തിയതോടെയാണ് ഇപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മാപ്പുപറഞ്ഞ് തടിയൂരാനുള്ള ശ്രമം നടത്തുന്നത്. “എന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ഗുജറാത്തിലെ ജനങ്ങളോട് എനിക്ക് എന്നും വലിയ ബഹുമാനമാണുള്ളത്,” എന്ന് ഖാർഗെ അറിയിച്ചു. ‘ഗുജറാത്തിലെയും മറ്റും പോലെ നിരക്ഷരരും വിദ്യാഭ്യാസം ഇല്ലാത്തവരും അല്ല കേരളത്തിലെ ജനത, അതിനാൽ അവരെ പറ്റിക്കാൻ ആവില്ല’ എന്നായിരുന്നു കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ പരാമർശം തിരിച്ചടിയാകുമെന്ന് ഭയന്നാണ് കോൺഗ്രസ് നേതൃത്വം പെട്ടെന്ന് തിരുത്തലുമായി എത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘രാവണൻ’ പരാമർശവും ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചയായിരുന്നു. സമാനമായ ഒരു സാഹചര്യം ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ഇപ്പോൾ ജാഗ്രത കാണിക്കുന്നത്.










