ന്യൂഡൽഹി : ഭാരതത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ വ്യോമസേന. ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ എൽസിഎ തേജസിന്റെ എഞ്ചിനുകൾ ഇനി ഇന്ത്യയിൽ തന്നെ അറ്റകുറ്റപ്പണി നടത്താം. ഇതിനായി പ്രമുഖ അമേരിക്കൻ കമ്പനിയായ ജിഇ എയ്‌റോസ്‌പേസും ഇന്ത്യൻ വ്യോമസേനയും തമ്മിൽ ഒരു സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ഈ കരാർ പ്രകാരം തേജസ് വിമാനങ്ങളിലെ F404-IN20 എഞ്ചിനുകളുടെ സേവനം കൂടുതൽ വേഗത്തിലും ചെലവ് കുറഞ്ഞും ലഭ്യമാകും.
പ്രതിരോധ മേഖലയിലെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ നടപടി. എഞ്ചിൻ അറ്റകുറ്റപ്പണികൾക്കുള്ള അത്യാധുനിക സാങ്കേതികവിദ്യയും പരിശീലനവും ജിഇ എയ്‌റോസ്‌പേസ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറും. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 40-ഓളം തേജസ് വിമാനങ്ങളാണ് ഉള്ളത്. കൂടാതെ, പുതിയ 83 തേജസ് മാർക്ക് 1എ വിമാനങ്ങൾക്കായി എച്ച്.എ.എൽ കരാർ ഒപ്പിട്ടിട്ടുമുണ്ട്.
ഇതിനുമുമ്പ് എഞ്ചിനുകളുടെ പ്രധാന അറ്റകുറ്റപ്പണികൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇനി മുതൽ വ്യോമസേനയുടെ സ്വന്തം ഡിപ്പോകളിൽ ജിഇയുടെ സാങ്കേതിക സഹായത്തോടെ ഇത് സാധ്യമാകും. എഞ്ചിനുകൾ വിദേശത്തേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാകുന്നതോടെ യുദ്ധവിമാനങ്ങളുടെ പ്രവർത്തന സജ്ജത വർദ്ധിക്കുന്നതാണ്.








