പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകൾ. പാർലമെന്റിൽ പഞ്ചാബിന്റെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ ഛദ്ദ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹിയിലും പഞ്ചാബിലും ഛദ്ദയ്ക്ക് കേന്ദ്രം ‘Z’ കാറ്റഗറി സുരക്ഷ നൽകും. രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ അദ്ദേഹത്തിന് ‘Y’ കാറ്റഗറി സുരക്ഷയും ഒരുക്കും.
പഞ്ചാബിന്റെ നിർണ്ണായക പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ രാഘവ് ഛദ്ദ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് എഎപി നേതാക്കൾ ആരോപിച്ചു. പഞ്ചാബ് ധനമന്ത്രി ഹർപാൽ സിംഗ് ചീമ, സംസ്ഥാന എഎപി അധ്യക്ഷൻ അമൻ അറോറ, മുതിർന്ന നേതാവ് കുൽദീപ് സിംഗ് ധാലിവാൾ എന്നിവർ സംയുക്തമായാണ് പ്രസ്താവനയിറക്കിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ നിർഭയമായി ഉന്നയിക്കുക എന്ന പാർട്ടിയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ് ഛദ്ദയുടെ മൗനമെന്നും, ഇത് അങ്ങേയറ്റം നിരാശാജനകമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പഞ്ചാബിലെ എംഎൽഎമാർ വോട്ട് ചെയ്ത് രാജ്യസഭയിലേക്ക് അയച്ച രാഘവ് ഛദ്ദ, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ദേശീയ തലത്തിൽ ശക്തമായി അവതരിപ്പിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നതെന്ന് ധനമന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞു. എന്നാൽ പഞ്ചാബുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയം പോലും അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചില്ല എന്നാണ് പരാതി.
പാർട്ടിയുടെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി രാഘവ് ഛദ്ദ രംഗത്തെത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് താൻ പാർലമെന്റിൽ പോകുന്നതെന്നും, അല്ലാതെ അവിടെ പോയി വെറുതെ ബഹളമുണ്ടാക്കാനല്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. അടുത്തിടെ താൻ പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിൽ, “ഞാൻ നിശബ്ദനാക്കപ്പെട്ടിരിക്കാം, പക്ഷേ പരാജയപ്പെട്ടിട്ടില്ല” എന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.
ഒരു കാലത്ത് അരവിന്ദ് കെജ്‌രിവാളിന്റെ ഏറ്റവും വലിയ വിശ്വസ്തനും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാളുമായിരുന്ന ഛദ്ദയുടെ ഈ മാറ്റം പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്കാണ് വഴിവെച്ചിരിക്കുന്നത്.








