ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ത്യൻ എണ്ണ കപ്പലിന് നേരെ വെടിവെപ്പ്. ഇറാൻ നാവികസേനയാണ് വെടിവെപ്പ് നടത്തിയത്. ഹോർമുസിൽ ഇറാൻ നിയന്ത്രണങ്ങൾക്ക് കടുപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. ഹോർമുസ് കടക്കുകയായിരുന്ന രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകളിൽ ഒന്നിന് നേരെ മാത്രമാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ ആർക്കും പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ല.
ഇറാഖിൽ നിന്നുമുള്ള 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിച്ചിരുന്ന ‘സന്മാർ ഹെറാൾഡ്’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. വെടിവെപ്പ് ഉണ്ടായതിന് പിന്നാലെ കപ്പൽ യാത്ര അവസാനിപ്പിച്ച് പടിഞ്ഞാറൻ ദിശയിലേക്ക് പിന്തിരിഞ്ഞു. ജാഗ് അർനവ്, സൻമാർ ഹെറാൾഡ് എന്നീ രണ്ട് കപ്പലുകൾ സംഭവത്തിൽ ഉൾപ്പെട്ടിരുന്നു, അതിൽ ഒന്ന് മാത്രമാണ് നേരിട്ട് ആക്രമണത്തിന് വിധേയമായത്. എങ്കിലും സുരക്ഷാ വെല്ലുവിളികൾ കാരണം രണ്ട് കപ്പലുകളും യാത്ര അവസാനിപ്പിച്ച് പിന്തിരിഞ്ഞു.
ഇറാന്റെ രണ്ട് ഗൺബോട്ടുകൾ കപ്പലിനെ വളയുകയും പ്രകോപനമില്ലാതെ വെടിയുതിർക്കുകയുമായിരുന്നു. എന്നാൽ കപ്പലിനോ ജീവനക്കാർക്കോ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. എല്ലാവരും സുരക്ഷിതരാണെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. രണ്ട് ഇന്ത്യൻ കപ്പലുകൾക്കും ഹോർമുസ് കടക്കാൻ അനുമതി ലഭിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികസേനയുടെ ഒരു കപ്പലും ഇല്ലാത്തതിനാൽ സംഭവത്തിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.








