ഐപിഎൽ 2026-ൽ പകുതി മത്സരങ്ങൾ പിന്നിടുമ്പോൾ അഞ്ചുതവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് വലിയ തകർച്ചയിലാണ്. കളിച്ച ആറ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. പരിക്കും ഫോമില്ലായ്മയും ടീമിനെ വേട്ടയാടുമ്പോൾ, മുംബൈ ഇന്ത്യൻസിനെതിരായ നിർണ്ണായക പോരാട്ടത്തിന് മുന്നോടിയായി ടീമിലെ പുതിയ താരം സഞ്ജു സാംസൺ മനസ്സ് തുറന്നു.
രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിൽ എത്തിയ സഞ്ജുവിന് ഇതൊരു പുതിയ അനുഭവമാണ്. “ചെന്നൈ ജേഴ്സിയിൽ കളിക്കുമ്പോൾ വലിയ ഉത്തരവാദിത്തം തോന്നുന്നു. ഇപ്പോൾ വിക്കറ്റ് കളഞ്ഞാൽ എയർപോർട്ടിൽ വെച്ച് പോലും ആളുകൾ വന്ന് ചോദിക്കും, ‘ചേട്ടാ, കുറച്ചുകൂടി സൂക്ഷിച്ചു കളിക്കണ്ടേ’ എന്ന്. ഈ സ്നേഹവും കരുതലും എന്നെ വേഗത്തിൽ സിഎസ്‌കെക്കാരനാക്കി,” സഞ്ജു പറഞ്ഞു.
ടീമിലെ ഓരോ കളിക്കാരനിലും സപ്പോർട്ട് സ്റ്റാഫിലും ധോണി മൂല്യങ്ങൾ കാണാൻ സാധിക്കുമെന്നും അത് ഒരു വലിയ കാര്യമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു. ഈ സീസണിൽ സഞ്ജു ഒരു സെഞ്ച്വറി (115) നേടിയിട്ടുണ്ടെങ്കിലും സ്ഥിരത നിലനിർത്താൻ പ്രയാസപ്പെടുകയാണ്. സീസണിന് മുൻപ് ഉണ്ടായ പരിക്കിനെത്തുടർന്ന് ആദ്യ ആറ് മത്സരങ്ങളും നഷ്ടമായ എം.എസ്. ധോണി മുംബൈയ്‌ക്കെതിരെ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ധോണി നെറ്റ്‌സിൽ കീപ്പിംഗ് പരിശീലനം തുടങ്ങിക്കഴിഞ്ഞു. ധോണി വരികയാണെങ്കിൽ സഞ്ജു കീപ്പിംഗ് ഒഴിയേണ്ടി വരും. നായകൻ ഋതുരാജ് ഗെയിക്‌വാദിന്റെ മോശം ഫോമാണ് സിഎസ്‌കെയെ തളർത്തുന്നത്.
നായകനെന്ന നിലയിലും ഋതുരാജിന് ടീമിനെ മികവിലേക്ക് നയിക്കാൻ കഴിയുന്നില്ല. ഇത്തവണയും പ്ലേ ഓഫ് കാണാതെ പുറത്തായാൽ ഋതുരാജിനെ നായകസ്ഥാനത്ത് നിന്നും മാറ്റാൻ മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തായിരുന്നു ചെന്നൈ. ഏറ്റവും മികച്ച ഫോമിലായിരുന്ന ആയുഷ് ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് പുറത്തായത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയാണ്. നേരത്തെ ഖലീൽ അഹമ്മദും പുറത്തായിരുന്നു.












