ന്യൂഡൽഹി : പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രചരിക്കുന്ന വാർത്തകൾ തീർത്തും ‘അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്’ കേന്ദ്ര പെട്രോളിയം മന്ത്രാലയം. സോഷ്യൽ മീഡിയയിലും ചില പ്രാദേശിക മാധ്യമങ്ങളിലും ഇന്ധനവില കുതിച്ചുയരാൻ പോകുന്നു എന്ന തരത്തിൽ വന്ന റിപ്പോർട്ടുകളെ സർക്കാർ നിഷേധിക്കുകയും ശക്തമായി വിമർശിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും പെട്രോൾ ലിറ്ററിന് 5 മുതൽ 7 രൂപ വരെ വർധിപ്പിക്കാൻ പോകുന്നു എന്നായിരുന്നു പ്രചാരണം.
നിലവിൽ ഇന്ധനവിലയിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ത്യയിലില്ലെന്നും വിപണി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധിക്ക് ഇടയിലും റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നത് ആഭ്യന്തര വിപണിയിൽ വലിയ ആഘാതം ഉണ്ടാകാതെ തുടരാൻ ഇന്ത്യയെ സഹായിക്കുന്നുണ്ട്. നിലവിൽ എക്സൈസ് ഡ്യൂട്ടിയിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.










