ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യത്തിന് ഉത്തരമായി. കാൽവണ്ണയ്ക്കേറ്റ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന എം.എസ്. ധോണി അടുത്ത മത്സരങ്ങളിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തും. കേവലം ഒരു ‘ഇംപാക്ട് പ്ലെയർ’ ആയിട്ടല്ല, മറിച്ച് ഫുൾ ടൈം വിക്കറ്റ് കീപ്പറായി തന്നെയാകും ധോണിയുടെ വരവ്. ഇതോടെ നിലവിൽ വിക്കറ്റ് കീപ്പിംഗ് ചുമതല വഹിക്കുന്ന സഞ്ജു സാംസൺ ഗ്ലൗസ് ധോണിക്ക് കൈമാറും.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് സിഎസ്‌കെ ബാറ്റിംഗ് കോച്ച് മൈക്കൽ ഹസി ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് സൂചന നൽകിയത്. “ധോണി തിരിച്ചെത്തുന്നത് വിക്കറ്റ് കീപ്പറായി തന്നെയായിരിക്കും. നെറ്റ്‌സിൽ അദ്ദേഹം മികച്ച രീതിയിൽ പന്തുകൾ അടിച്ചുപറത്തുന്നുണ്ട്. ബാറ്റിംഗിൽ യാതൊരു പ്രശ്നവുമില്ല,” ഹസി പറഞ്ഞു.
വിക്കറ്റ് കീപ്പിംഗിലെ കഠിനമായ ജോലിഭാരവും വിക്കറ്റുകൾക്കിടയിലെ ഓട്ടവുമാണ് നിലവിലെ വെല്ലുവിളി. 44-ാം വയസ്സിൽ പരിക്കിൽ നിന്ന് മോചിതനായി എത്തുമ്പോൾ 100 ശതമാനം ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷമേ അദ്ദേഹം കളത്തിലിറങ്ങൂ.പരിക്കുള്ളപ്പോൾ ബാറ്റിംഗിന് മാത്രം ഇറങ്ങാൻ സഹായിക്കുന്ന ‘ഇംപാക്ട് പ്ലെയർ’ നിയമം ഉപയോഗിക്കാൻ ധോണി തയ്യാറല്ല. സ്റ്റമ്പിന് പിന്നിൽ നിന്ന് നൽകുന്ന നിർദ്ദേശങ്ങൾ ടീമിന് എത്രത്തോളം പ്രധാനമാണെന്ന് ധോണിക്കറിയാം. അതിനാൽ തന്നെ പൂർണ്ണ ആരോഗ്യവാനായി കീപ്പിംഗ് ഗ്ലൗസുമായി തന്നെ തിരിച്ചെത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.’
ധോണി തിരിച്ചെത്തുന്നതോടെ സഞ്ജു സാംസൺ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിൽ തുടരും. നിലവിൽ ചെന്നൈയുടെ ബാറ്റിംഗിലെ കുന്തമുനയായ സഞ്ജുവിന് കീപ്പിംഗ് ഉത്തരവാദിത്തം ഒഴിയുന്നത് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചേക്കും. വാംഖഡെയിലെ വെടിക്കെട്ട് വിജയത്തിന് പിന്നാലെ ധോണിയുടെ വരവ് ചെന്നൈ ക്യാമ്പിന് ഇരട്ടി ഊർജ്ജമാണ് നൽകുന്നത്.












