ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ. MSC ഫ്രാൻസെസ്ക, എപാമിനോണ്ടസ് എന്നീ കപ്പലുകളാണ് ഐ.ആർ.ജി.സി പിടിച്ചെടുത്തത്. അമേരിക്കയുമായുള്ള ബന്ധം സംശയിച്ചും സമുദ്ര നിയമങ്ങൾ ലംഘിച്ചെന്നും ആരോപിച്ചാണ് നടപടി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ മുൻകൂർ അനുമതിയില്ലാതെ സഞ്ചരിച്ചു എന്നതാണ് പ്രധാന ആരോപണം. കൂടാതെ, അമേരിക്കയുമായി ബന്ധമുള്ള കമ്പനികളുമായി ഈ കപ്പലുകൾക്ക് ബന്ധമുണ്ടെന്നും, കപ്പലുകൾ അവയുടെ ട്രാക്കിംഗ് സംവിധാനങ്ങൾ മനഃപൂർവ്വം ഓഫാക്കി വെച്ചതായും ഇറാൻ ആരോപിക്കുന്നു. ഇസ്രായേൽ ബന്ധമുള്ള കമ്പനിയുടേതാണ് MSC ഫ്രാൻസെസ്ക എന്നും ഇറാൻ സ്റ്റേറ്റ് മീഡിയ അവകാശപ്പെട്ടു.
പിടിച്ചെടുത്ത കപ്പലുകളിൽ MSC ഫ്രാൻസെസ്ക പനാമ പതാകയുള്ള കപ്പലാണ്. എപാമിനോണ്ടസ് ലൈബീരിയൻ കപ്പലുമാണ്. കപ്പലുകൾ പിടികൂടുന്ന സൈനിക നടപടിക്കിടയിൽ എപാമിനോണ്ടസ് എന്ന കപ്പലിന് നേരെ ഇറാൻ വെടിയുതിർത്തതായും കപ്പലിന്റെ ബ്രിഡ്ജിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ 19-ന് ‘തൗസ്ക’ എന്ന ഇറാനിയൻ കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തതിനുള്ള തിരിച്ചടിയായാണ് ഈ നടപടിയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു അന്ന് അമേരിക്കൻ നടപടി.










