സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന പാകിസ്താനിൽ ജനങ്ങൾ പാചകവാതകം ശേഖരിക്കുന്നത് പ്ലാസ്റ്റിക് ബലൂണുകളിലെന്ന് റിപ്പോർട്ട്. കറാച്ചി നഗരത്തിലെ ഒറാംഗി ടൗൺ, മൊമിനാബാദ് തുടങ്ങിയ ജനവാസ മേഖലകളിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള ഈ അപകടകരമായ രീതി പിന്തുടരുന്നത്. സിലിണ്ടറുകളുടെ കടുത്ത ക്ഷാമവും പാചകവാതകത്തിന്റെ അമിതവിലയുമാണ് ദരിദ്രരായ സാധാരണക്കാരെ ഇത്തരം സാഹസത്തിന് പ്രേരിപ്പിക്കുന്നത്. ഇതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത വലിയ പ്ലാസ്റ്റിക് ബലൂണുകൾ പ്രാദേശിക വിപണിയിൽ 1000 മുതൽ 1500 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. ഗ്യാസ് പൈപ്പ് ലൈനുകളിൽ നിന്ന് ഒരു കംപ്രസ്സറിന്റെ സഹായത്തോടെ ഈ ബലൂണുകളിലേക്ക് വാതകം നേരിട്ട് പമ്പ് ചെയ്ത് കയറ്റുകയാണ് ചെയ്യുന്നത്. ശേഷം ഒരു ചെറിയ വാൽവ് ഘടിപ്പിച്ച് ഇത് അടുപ്പുമായി ബന്ധിപ്പിക്കുന്നു.
എന്നാൽ ഈ രീതി അതീവ അപകടകരമാണെന്നും ഓരോ വീടിനുള്ളിലും ‘മൊബൈൽ ബോംബുകൾ’ സൂക്ഷിക്കുന്നതിന് തുല്യമാണിതെന്നും സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചെറിയ തോതിലുള്ള ഘർഷണമോ, മുറിയിലെ ചൂടോ, ഒരു ചെറിയ തീപ്പൊരിയോ ഉണ്ടായാൽ പോലും ഈ ബലൂണുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കും. തിങ്ങിപ്പാർക്കുന്ന നഗരപ്രദേശങ്ങളിൽ ഇത്തരം ഒരു സ്ഫോടനം ഉണ്ടായാൽ അത് വലിയ ജീവഹാനിക്കും വൻ ദുരന്തത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സിലിണ്ടറുകൾക്ക് താങ്ങാനാവാത്ത വിലയായതിനാൽ മറ്റ് മാർഗങ്ങളില്ലെന്നാണ് പ്രദേശവാസികളുടെ വാദം. എന്നാൽ ജനങ്ങളുടെ ജീവൻ വെച്ചുള്ള ഈ കളി തടയാൻ കർശന നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. പ്ലാസ്റ്റിക് ബലൂണുകളിൽ ഗ്യാസ് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.










