തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ വൻ അട്ടിമറി സൂചനകൾ. വോട്ടെണ്ണൽ അവ ഘട്ടങ്ങളിലേക്കെത്തുമ്പോൾ സ്റ്റാലിൻ തന്റെ ഉറച്ച കോട്ടയിൽ പിന്നിലായിരിക്കുകയാണ്. സിനിമാ താരം വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (TVK) സ്ഥാനാർത്ഥി വി.എസ്. ബാബുവാണ് സ്റ്റാലിനെതിരെ വൻ മുന്നേറ്റം നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7,300-ൽ അധികം വോട്ടുകൾക്ക് വി.എസ്. ബാബു നിലവിൽ ലീഡ് ചെയ്യുന്നു. എഐഎഡിഎംകെ സ്ഥാനാർത്ഥി ആർ. സന്താനകൃഷ്ണൻ മൂന്നാം സ്ഥാനത്താണ്.
2011 മുതൽ സ്റ്റാലിനെ മാത്രം വിജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് കൊളത്തൂർ. കഴിഞ്ഞ തവണ 70,000-ൽ അധികം വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിച്ച സ്റ്റാലിനെതിരെ കന്നി പോരാട്ടത്തിനിറങ്ങിയ ടിവികെ ഇത്ര വലിയ വെല്ലുവിളി ഉയർത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതിയിരുന്നില്ല. ടിവികെയുടെ ജോയിന്റ് ജനറൽ സെക്രട്ടറി കൂടിയായ ബാബു, മണ്ഡലത്തിൽ ‘ജയന്റ് കില്ലർ’ ആകുമോ എന്ന ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്.
അതേസമയം, സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും ചേപ്പോക്ക് മണ്ഡലത്തിൽ പിന്നിലാണെന്ന റിപ്പോർട്ടുകൾ ഡിഎംകെ ക്യാമ്പിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. എഐഎഡിഎംകെ സ്ഥാനാർത്ഥി ആദി രാജാറാമാണ് ഉദയനിധിക്കെതിരെ ലീഡ് ചെയ്യുന്നത്. തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെത്തിയ നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനം ഡിഎംകെയുടെ അടിത്തറയിളക്കുന്ന കാഴ്ചയാണ് കൊളത്തൂരിൽ ദൃശ്യമാകുന്നത്. സ്റ്റാലിൻ തന്റെ തട്ടകത്തിൽ പതറുന്നത് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗപ്പിറവിയുടെ തുടക്കമാകുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.









