മലപ്പുറം : ആത്മാഭിമാനം ഉണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. കേരളത്തിൽ ഇതുവരെ ഒരു മുഖ്യമന്ത്രിയും വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ പിന്നോട്ട് പോയിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ് പിണറായി വിജയൻ നേരിടുന്നത്. എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് ഗുണം ചെയ്തതായും പി എം എ സലാം വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്റെ നിലപാടും യുഡിഎഫിന് സഹായമായി എന്നും പി എം എ സലാം അഭിപ്രായപ്പെട്ടു. ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ധർമ്മടം പോലുള്ള ഒരു ഉറച്ച കോട്ടയിൽ പിണറായി വിജയൻ നേരിട്ട ഈ തിരിച്ചടി ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ്. തോൽവി സമ്മതിച്ച് പിണറായി രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയാണ് വേണ്ടത്. സഭയിൽ പ്രതിപക്ഷ നേതാവായി വന്നിരിക്കാൻ അദ്ദേഹത്തിന്റെ ആത്മാഭിമാനം അനുവദിക്കുമോ എന്ന് കണ്ടറിയണം എന്നും പി എം എ സലാം സൂചിപ്പിച്ചു.








