പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകം സംഭവിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റും മുൻ വ്യോമസേന ഉദ്യോഗസ്ഥനുമായ ചന്ദ്രനാഥ് രഥാണ് (41) വെടിയേറ്റു മരിച്ചിരിക്കുന്നത്. ബുധനാഴ്ച രാത്രി വൈകി നോർത്ത് 24 പർഗാനയിലെ മധ്യഗ്രാമിൽ വെച്ചാണ് തിരിച്ചറിയാത്ത അക്രമികൾ ചന്ദ്രനാഥിന് നേരെ വെടിയുതിർത്തത്. തൃണമൂൽ കോൺഗ്രസിനെ തകർത്ത് 294-ൽ 207 സീറ്റുകൾ നേടി ബിജെപി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെയാണ് സുവേന്ദുവിന്റെ ‘മിസ്റ്റർ ഡിപെൻഡബിൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശ്വസ്തൻ കൊല്ലപ്പെടുന്നത്. തോൽവി സമ്മതിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ മമത ബാനർജി വിസമ്മതിക്കുകയും പോരാട്ടം തെരുവിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ക്രൂരകൃത്യം നടന്നതെന്നത് ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക വർധിപ്പിക്കുന്നു.
വെറുമൊരു പിഎ എന്നതിലുപരി സുവേന്ദു അധികാരിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെയും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിന്റെയും ചാലകശക്തിയായിരുന്നു ചന്ദ്രനാഥ് രഥ്. നന്ദിഗ്രാമിലും ഭവാനിപൂരിലും സുവേന്ദു നേടിയ ഉജ്ജ്വല വിജയങ്ങൾക്ക് പിന്നിൽ ചന്ദ്രനാഥിന്റെ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. പുർബ മേദിനിപൂർ ജില്ലയിലെ ചാന്ദിപൂർ സ്വദേശിയായ അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. രാഹാരാ രാമകൃഷ്ണ മിഷനിലെ പഠനകാലത്ത് ആത്മീയതയോട് ആഭിമുഖ്യം പുലർത്തിയിരുന്ന ചന്ദ്രനാഥ്, വിരമിച്ച ശേഷം കോർപ്പറേറ്റ് മേഖലയിൽ ചെറിയ കാലം ജോലി ചെയ്തു. തുടർന്നാണ് സുവേന്ദു അധികാരിയുടെ വിശ്വസ്ത സഹായിയായി മാറിയത്. ചന്ദ്രനാഥിന്റെ കുടുംബത്തിന് സുവേന്ദുവിന്റെ കുടുംബവുമായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ആഴത്തിലുള്ള ബന്ധമാണുള്ളത്. സുവേന്ദു തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നപ്പോൾ ചന്ദ്രനാഥിന്റെ മാതാവ് ഹസി രഥും ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.
സൗമ്യശീലനും എന്നാൽ കണിശക്കാരനുമായ സംഘാടകനുമായിരുന്നു ചന്ദ്രനാഥ് എന്ന് ബിജെപി നേതാക്കൾ അനുസ്മരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ലോജിസ്റ്റിക്സ് മുതൽ അതീവ രഹസ്യമായ രാഷ്ട്രീയ നീക്കങ്ങൾ വരെ സുവേന്ദു വിശ്വസിച്ച് ഏൽപ്പിച്ചിരുന്നത് ഇദ്ദേഹത്തെയായിരുന്നു. ബിജെപി അധികാരത്തിലേറിയാൽ സുവേന്ദുവിന്റെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണപരമായ ചുമതല ചന്ദ്രനാഥിന് ലഭിക്കുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ബിജെപി ആരോപിച്ചു. ചന്ദ്രനാഥിന്റെ വിയോഗം പാർട്ടിക്കും വ്യക്തിപരമായി സുവേന്ദു അധികാരിക്കും വലിയ നഷ്ടമാണെന്ന് ബിജെപി നേതാവ് ശ്രീരൂപ മിത്ര ചൗധരി പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. രാഷ്ട്രീയ വിജയം രക്തച്ചൊരിച്ചിലിലൂടെ മങ്ങിക്കുന്ന മമത സർക്കാരിന്റെ നിലപാടുകൾക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.












