സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടുകൊണ്ട് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണങ്ങൾ തള്ളി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വി ഡി സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം പൂർണ്ണമായും കോൺഗ്രസ് ഹൈക്കമാൻഡിന്റേത് മാത്രമാണെന്നും അതിൽ മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രത്യേക ഇടപെടലുകളോ സമ്മർദ്ദങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും തങ്ങളുടേതായ ശൈലിയിൽ അദ്ദേഹം മറുപടി നൽകി. “കായുള്ള മരത്തിലേക്കാണ് ആളുകൾ കല്ലെറിയുക” എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.
പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അനാവശ്യമായ യാതൊരു അവകാശവാദങ്ങളും മുന്നോട്ടുവെച്ചിട്ടില്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മുന്നണി മര്യാദകൾ പാലിച്ചുകൊണ്ട് മന്ത്രിമാരുടെ കാര്യത്തിലും വകുപ്പ് വിഭജനത്തിലും കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ സൗഹാർദ്ദപരമായി മുന്നോട്ടുപോകുകയാണ്. അർഹമായ കാര്യങ്ങൾ ചർച്ചകളിലൂടെ തീരുമാനിക്കുമെന്നും ലീഗ് സമ്മർദ്ദ രാഷ്ട്രീയം കളിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.










