സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമർശനം. കണ്ണൂർ, പത്തനംതിട്ട ജില്ലാ നേതൃയോഗങ്ങളിലാണ് പാർട്ടിക്കുള്ളിലെ അതൃപ്തി പരസ്യമായത്. മുഖ്യമന്ത്രിയുടെ ശൈലിയും പാർട്ടി സെക്രട്ടറിയുടെ നിലപാടുകളുമാണ് തോൽവിക്ക് കാരണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലെ വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും ശൈലി ജനങ്ങൾ അംഗീകരിച്ചില്ല എന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പറഞ്ഞത്. പല വാക്കുകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പാർട്ടിയുടെ ഉറച്ച കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പിലും ഉണ്ടായ പരാജയം ഇതിന് ഉദാഹരണമാണ്. നേതൃത്വം തിരുത്താൻ തയ്യാറായില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്ന മുന്നറിയിപ്പും ഉയർന്നു. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയും വി. കുഞ്ഞികൃഷ്ണനെ അവഗണിച്ചതിനെതിരെയും രൂക്ഷമായ കുറ്റപ്പെടുത്തലുകൾ ഉണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻ വേണ്ടി മാത്രമായിരുന്നുവെന്ന് , പത്തനംതിട്ട ജില്ലാ നേതൃയോയാഗം കുറ്റപ്പെടുത്തി. തോൽവിക്ക് ശേഷം പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടിക്കാർക്ക് ഒരു വിലയും ഉണ്ടായിരുന്നില്ലെന്നും ഓഫീസ് പാർട്ടിക്ക് അന്യമായിരുന്നുവെന്നും നേതാക്കൾ ആരോപിച്ചു. ഭരണവിരുദ്ധ വികാരമല്ല, മറിച്ച് നേതൃത്വത്തിന്റെ ശൈലിയാണ് തിരിച്ചടിയായതെന്നാണ് പാർട്ടി അണികളുടെ വികാരം.








