കേരളത്തിലെ പുതിയ കോൺഗ്രസ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോരും ചർച്ചകളും മുറുകുന്നു. ആഭ്യന്തര വകുപ്പിനായുള്ള അവകാശവാദത്തിനൊപ്പം വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന കടുത്ത ഉപാധികളുമായി രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും രംഗത്തെത്തിയിരിക്കുകയാണ്.
പുതിയ മന്ത്രിസഭയിൽ തനിക്ക് ആഭ്യന്തര വകുപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് രമേശ് ചെന്നിത്തല. ഇന്നലെ നടന്ന ചർച്ചകളിൽ ഇക്കാര്യത്തിൽ ഏകദേശ ധാരണയായിരുന്നു. എന്നാൽ, തന്റെ വിശ്വസ്തനായ അൻവർ സാദത്തിനെ മന്ത്രിയാക്കണമെന്ന പുതിയ ഉപാധി കൂടി ചെന്നിത്തല മുന്നോട്ടുവെച്ചു. അൻവർ സാദത്തിനെ ഉൾപ്പെടുത്തിയില്ലെങ്കിൽ താനും മന്ത്രിസഭയിലേക്കില്ലെന്ന് അദ്ദേഹം എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പദം ഏറെക്കുറെ ഉറപ്പിച്ച കെ.സി. വേണുഗോപാൽ മന്ത്രിസഭയിൽ തന്റെ വ്യക്തമായ ആധിപത്യം ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. തനിക്കൊപ്പമുള്ള എട്ട് പേരുടെ പട്ടികയാണ് കെ.സി. ഹൈക്കമാൻഡിന് നൽകിയിരിക്കുന്നത്. സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, എൻ. ശക്തൻ, ഓ.ജെ. ജനിഷ് എന്നിവരാണ് ഈ പട്ടികയിലുള്ളത്.
കെ.സി. പക്ഷം ഇത്രയധികം പേരെ നിർദ്ദേശിച്ചതിൽ വി.ഡി. സതീശൻ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. കെ. മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവരടക്കം നാലുപേരുടെ പട്ടികയാണ് സതീശൻ നൽകിയത്. ഇതിൽ കെ. മുരളീധരന്റെ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പായിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. പ്രമുഖ നേതാക്കളുടെ കടുത്ത സമ്മർദ്ദ തന്ത്രങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.








