മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണും ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണയും ഒരേ ഫ്രെയിമിലെത്തിയാൽ എങ്ങനെയുണ്ടാകും? വിംബിൾഡൺ ചാമ്പ്യൻഷിപ്പിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ‘റോൾ റിവേഴ്സൽ ചലഞ്ച്’ വീഡിയോയാണ് ഇപ്പോൾ കായികപ്രേമികൾക്കിടയിൽ തരംഗമാകുന്നത്. ടെന്നീസ് റാക്കറ്റ് ഉപയോഗിച്ച് ബൊപ്പണ്ണ പന്തെറിയുകയും, ആ പന്തിനെ സഞ്ജു ക്രിക്കറ്റ് ബാറ്റുകൊണ്ട് നേരിടുകയും ചെയ്തപ്പോൾ സംഭവിച്ചത് കായികലോകം കണ്ട ഏറ്റവും രസകരമായ കാഴ്ചകളിലൊന്നാണ്.
സാധാരണ ബോളിംഗിന് പകരം ടെന്നീസ് റാക്കറ്റ് ഉപയോഗിച്ച് ബൊപ്പണ്ണ സെർവ് ചെയ്തപ്പോൾ, സഞ്ജു അത് ക്രിക്കറ്റ് ഷോട്ടുകൾ കൊണ്ട് നേരിടുകയായിരുന്നു. തുടക്കത്തിൽ തപ്പിത്തടഞ്ഞെങ്കിലും സഞ്ജു തന്റെ ക്ലാസ്സിക് ഷോട്ടുകൾ പുറത്തെടുത്തു. ലോങ് ഓണിലൂടെ ഗംഭീരമായ ഒരു സിക്സും ഫൈൻ ലെഗിലൂടെ മനോഹരമായ ഒരു ഫോറും സഞ്ജു നേടിയപ്പോൾ ആരാധകർ ആവേശത്തിലായി. എന്നാൽ, ബൊപ്പണ്ണ തന്റെ പഴയ ഫോമിലേക്ക് മാറിയതോടെ കളി മാറി. 101 കിലോമീറ്റർ വേഗതയിലും പിന്നീട് 131 കിലോമീറ്റർ വേഗതയിലും ബൊപ്പണ്ണ തൊടുത്തുവിട്ട ‘റോക്കറ്റ്’ പന്തുകൾക്ക് മുന്നിൽ സഞ്ജു പോലും അമ്പരന്നുപോയി!
പിന്നീട് ബാറ്റിംഗിന് വന്ന ബൊപ്പണ്ണയും ഒട്ടും മോശമാക്കിയില്ല. ആദ്യം പാഡിൽ പന്ത് കൊണ്ടെങ്കിലും, പിന്നീട് ബൗണ്ടറികളുമായി താരം കളം നിറഞ്ഞു. ആറ് പന്തുകളിൽ നിന്ന് നാല് ബൗണ്ടറികളാണ് ബൊപ്പണ്ണ അടിച്ചുകൂട്ടിയത്. ആരാണ് വിജയി എന്നതിലുപരി, ഇന്ത്യൻ കായികരംഗത്തെ ഈ രണ്ട് താരങ്ങൾ പരസ്പരം തങ്ങളുടെ ലോകങ്ങൾ പങ്കുവെച്ചത് ആരാധകർക്ക് വലിയൊരു വിരുന്നായി മാറി.











