കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ 35 വർഷത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എഴുതിയ ‘അപ്നാപ്പൻ: നരേന്ദ്ര മോദി സം മേരെ അനുഭവ്’ എന്ന പുസ്തകം ഡൽഹിയിൽ പ്രകാശനം ചെയ്തു. മോദിയുമായുള്ള തന്റെ ദീർഘകാലത്തെ ബന്ധത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെക്കുറിച്ചും പുസ്തകം വിവരിക്കുന്നു.
1990-കളിൽ മധ്യപ്രദേശിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിനിടയിൽ നടന്ന രസകരമായ സംഭവമാണ് ചൗഹാൻ പുസ്തകത്തിലൂടെ പങ്കുവെച്ചത്. പാർട്ടി യോഗത്തിൽ മോദി നേതാക്കളോട് ‘ആർക്കൊക്കെയാണ് ഇമെയിൽ ഐഡി ഉള്ളത്?’ എന്ന് ചോദിച്ചു. എന്നാൽ, അന്ന് ഇമെയിൽ എന്ന വാക്ക് പോലും കേട്ടിട്ടില്ലാത്ത നേതാക്കൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു. അന്ന് അവിടെയുണ്ടായിരുന്ന അന്തരിച്ച നേതാവ് ബാബുലാൽ ഗൗർ ചോദിച്ചത്, “നരേന്ദ്ര ഭായ്, നിങ്ങൾ ഏത് ഫീമെയിൽ കാര്യമാണ് പറയുന്നത്? ഈ ഫീമെയിൽ കൊണ്ട് എന്താണ് നടക്കാൻ പോകുന്നത്?” എന്നായിരുന്നു. ഗൗറിന്റെ ചോദ്യം കേട്ട് യോഗത്തിലുണ്ടായിരുന്നവർ പൊട്ടിച്ചിരിച്ചു.
മൊബൈൽ ഫോണുകൾ പോലും ‘ഫൈവ് സ്റ്റാർ സംസ്കാരമായി’ കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്തിൽ, സാങ്കേതിക വിദ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ നേതാവാണ് മോദിയെന്ന് ചൗഹാൻ ഓർമ്മിക്കുന്നു. വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ സാങ്കേതിക വിദ്യ അനിവാര്യമാണെന്ന് മോദി അന്ന് തന്നെ വിശ്വസിച്ചിരുന്നു. 1991-ൽ മുരളി മനോഹർ ജോഷി നയിച്ച ‘ഏക്ത യാത്ര’ മുതലാണ് മോദിയുമായുള്ള ബന്ധം ആരംഭിച്ചത്. കന്യാകുമാരി മുതൽ ശ്രീനഗർ വരെ നീണ്ട യാത്രയിൽ മോദിയുടെ സംഘാടന മികവും രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും താൻ അടുത്തു കണ്ടുവെന്ന് ചൗഹാൻ കുറിക്കുന്നു.
മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.








