ഇന്ത്യയിൽ ഉടനീളം അതിശക്തമായ ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കണമെന്നും സഹജീവികളോട് കരുണ കാണിക്കണമെന്നും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ജനങ്ങളോട് ഈ നിർദ്ദേശങ്ങൾ പങ്കുവെച്ചത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില അപകടകരമായ നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ, സ്വയം സുരക്ഷിതരായിരിക്കാനും അയൽക്കാരെയും പ്രിയപ്പെട്ടവരെയും സഹായിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടിവെള്ളം കൈയ്യിൽ കരുതണം. ശരീരം നിർജ്ജലീകരണം സംഭവിക്കാതെ നോക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
ദാഹിക്കുന്നവർക്ക് ഒരു ഗ്ലാസ് വെള്ളം നൽകാൻ മടിക്കരുത്. വീടുകൾക്ക് പുറത്തും കടകൾക്ക് മുന്നിലും ദാഹജലം വെക്കുന്നവരുടെ പ്രവർത്തനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രായമായ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും ബന്ധുക്കളെയും ഫോണിലൂടെ വിളിച്ച് അന്വേഷിക്കണം. ഉച്ചസമയങ്ങളിൽ അവർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു
വീടിന്റെ ബാൽക്കണിയിലോ, ടെറസിലോ, ഓഫീസുകൾക്ക് പുറത്തോ പക്ഷികൾക്കായി ഒരു പാത്രം വെള്ളം വെക്കണം. ഈ കൊടും ചൂടിൽ അവയ്ക്ക് അതൊരു ജീവവായു ആകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.











