ലഖ്‌നൗ : പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള തീവ്രവാദി ശൃംഖലയിലെ ഒരു ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ. മറ്റൊരു സംസ്ഥാനത്തെ പ്രമുഖ ബിജെപി വനിതാ നേതാക്കളെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടയാണ് ഇയാൾ അറസ്റ്റിലായത്. അസംഗഢിലെ നിസാമാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുദാദാദ്പൂർ സ്വദേശിയായ മുഹമ്മദ് ഷെയ്ഖ് (22) ആണ് യുപി എടിഎസിന്റെ പിടിയിലായത്.
പാകിസ്താൻ ഗുണ്ടാസംഘം ഷഹസാദ് ഭട്ടി നടത്തുന്നതും പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) പിന്തുണയ്ക്കുന്നതുമായ ഒരു ഭീകര ശൃംഖലയുമായി ഇയാൾ നിരന്തരം ബന്ധം പുലർത്തി വന്നിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പാക് ഹാൻഡ്‌ലർമാർ ഇയാളെ ബന്ധപ്പെട്ടത്.
തീവ്രവാദ ആശയങ്ങളിൽ അകൃഷ്ടനായ മുഹമ്മദ് ഷെയ്ഖിന് വലിയ തുകകൾ വാഗ്ദാനം ചെയ്താണ് സംഘം കൂടെക്കൂട്ടിയത്. പാകിസ്താൻ, ദുബായ് നമ്പറുകളിലേക്ക് ഇയാൾ നിരന്തരം ഡിജിറ്റൽ സന്ദേശങ്ങൾ അയച്ചിരുന്നതായി ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെ അന്വേഷണസംഘം സ്ഥിരീകരിച്ചു.
മറ്റൊരു സംസ്ഥാനത്തുള്ള ബിജെപിയുടെ വനിതാ നേതാക്കളെ നിരീക്ഷിക്കാനും അവരുടെ വിവരങ്ങൾ ശേഖരിക്കാനും ഷെയ്ഖിന് നിർദ്ദേശം ലഭിച്ചിരുന്നു. ആദ്യം ഭീഷണി സന്ദേശങ്ങൾ അയക്കാനും പിന്നീട് തരംപോലെ വധിക്കാനുമായിരുന്നു ഹാൻഡ്‌ലർമാരുടെ പ്ലാൻ. ഇതിനായി ഇയാൾ ഇതിനകം തന്നെ തോക്കും വെടിയുണ്ടകളും സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു. കൃത്യം നടത്തുന്നതിന് തൊട്ടുമുൻപാണ് യുപി ഭീകരവിരുദ്ധ സേനയുടെ കൃത്യമായ ഇടപെടലിലൂടെ ഇയാൾ വലയിലാകുന്നത്. പ്രതിയിൽ നിന്നും ഒരു 9 എം.എം പിസ്റ്റൾ, 4 ലൈവ് ബുള്ളറ്റുകൾ, മൊബൈൽ ഫോൺ എന്നിവ എടിഎസ് പിടിച്ചെടുത്തിട്ടുണ്ട്.








