ന്യൂഡൽഹി : ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് റൂൾസ്, 2025’ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്കുള്ള രജിസ്‌ട്രേഷൻ നിയമങ്ങളിലും വിസ ചട്ടങ്ങളിലും ആണ് നിർണായക ഭേദഗതികൾ വരുത്തിയിരിക്കുന്നത്. വിദേശികളുടെ താമസം, കുട്ടികളുടെ പൗരത്വം, ആശുപത്രികളുടെ ഉത്തരവാദിത്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
180 ദിവസമോ അതിൽ കുറവോ കാലാവധിയുള്ള വിസയിൽ ഇന്ത്യയിലെത്തുന്ന വിദേശികൾ, വിസാ കാലാവധി കഴിഞ്ഞ് ഇവിടെ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 180 ദിവസം തികയുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യണമെന്നതാണ് പുതിയ മാറ്റങ്ങളിൽ ഒന്ന്. മുൻപ്, ഇന്ത്യയിലെത്തി 180 ദിവസം പൂർത്തിയായതിന് ശേഷം 14 ദിവസത്തിനകം രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു. ഈ ഇളവാണ് ഇപ്പോൾ നിർത്തലാക്കിയത്. ഇന്ത്യയിൽ വെച്ച് ജനിക്കുന്ന വിദേശ കുട്ടികളുടെ വിസ നടപടികളിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാവുകയും, അവർ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ മുൻപ് ഉണ്ടായിരുന്ന 30 ദിവസത്തെ നിർബന്ധിത ഓൺലൈൻ രജിസ്‌ട്രേഷൻ ഇനി ആവശ്യമില്ല. വിദേശികൾക്ക് ചികിത്സയോ താമസസൗകര്യമോ നൽകുന്ന രാജ്യത്തെ എല്ലാ ആശുപത്രികൾക്കും നഴ്‌സിംഗ് ഹോമുകൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും പുതിയ ചട്ടങ്ങൾ ബാധകമാക്കിയിട്ടുണ്ട്. വിദേശി രോഗികളുടെ വിവരങ്ങൾ കൃത്യമായി അധികൃതരെ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഭരണപരമായ നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കി പരിഷ്‌കരിച്ചിട്ടുണ്ട്.










