ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട ഷഹബാസ് സിദ്ദിഖി എന്നയാളെ ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്ന് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെയ് 18-നാണ് ഇയാളെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ താൻ ഇന്ത്യയിൽ ചാവേർ ആക്രമണം (ഫിദായീൻ ആക്രമണം) നടത്താൻ തയ്യാറാണെന്നും പാകിസ്ഥാനിലുള്ള ജെയ്‌ഷ്-ഇ-മുഹമ്മദ് ഹാൻഡ്‌ലറുടെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും സിദ്ദിഖി സമ്മതിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നായിരുന്നു ഇയാൾക്ക് ലഭിച്ച നിർദ്ദേശം.
സിദ്ദിഖിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണ്ണായകമായ തെളിവുകൾ അന്വേഷണ സംഘം കണ്ടെടുത്തു. പുൽവാമ ഭീകരാക്രമണത്തെ ‘ന്യായമായത്’ എന്ന് ഇയാൾ വിശേഷിപ്പിച്ചതായും ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കുകളെ വിമർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജെയ്‌ഷ്-ഇ-മുഹമ്മദ് ഭീകരരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റുകളും റെക്കോർഡ് ചെയ്ത സംഭാഷണങ്ങളും ഫോണിൽ നിന്ന് ലഭിച്ചു. തീവ്രവാദ സ്വഭാവമുള്ള വീഡിയോകളും മറ്റ് പ്രകോപനപരമായ ഉള്ളടക്കങ്ങളും ഇയാൾക്ക് ലഭിച്ചിരുന്നതായി സ്ഥിരീകരിച്ചു.
ഇയാൾ ഒരു വലിയ ഭീകര ശൃംഖലയുടെ ഭാഗമാണോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുമെന്നും, ആവശ്യമെങ്കിൽ മുംബൈയിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.










