സൂററ്റിൽ നടന്ന പൊതുചടങ്ങിൽ 18,777 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തും തറക്കല്ലിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. കഴിഞ്ഞ 12 വർഷമായി കോൺഗ്രസ് രാജ്യത്ത് അരാജകത്വവും അനിശ്ചിതത്വവും സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എന്നാൽ ജനങ്ങൾ ഇതിന് കൃത്യമായ മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ കോൺഗ്രസിനെ ജനങ്ങൾ ഇതിനകം തന്നെ തള്ളിക്കളഞ്ഞുവെന്നും, കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ ജനങ്ങൾ അവരുടെ ഭരണത്തിൽ മടുത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. കർണാടകയിലെ മുഖ്യമന്ത്രി മാറ്റം ജനങ്ങളുടെ അതൃപ്തി മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മനിർഭർ ഭാരത് എന്ന ആശയത്തെ പരിഹസിക്കുന്നവർ ഇന്ത്യയെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥയിൽ നിലനിർത്താൻ ആഗ്രഹിക്കുന്നവരാണെന്ന് മോദി വിമർശിച്ചു. യഥാർത്ഥ വികസനത്തിന് സ്വയംപര്യാപ്തത അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാൻ-അമേരിക്ക സംഘർഷം മൂലമുള്ള ആഗോള ഊർജ്ജ പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഊർജ്ജ മേഖലയിലെ സ്വയംപര്യാപ്തതയുടെ പ്രാധാന്യം വർധിക്കുന്നു. ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷി 250 GW ആയി വർധിച്ചതിൽ 50 GW ഗുജറാത്തിന്റെ സംഭാവനയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലാർസൻ ആൻഡ് ടൂബ്രോയുടെ (ഹസീറയിലെ നിർമ്മാണ കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി, അവിടെ നിർമ്മിച്ച ‘സോറാവർ’ എന്ന ഭാരം കുറഞ്ഞ ടാങ്കും മറ്റ് പ്രതിരോധ ഉപകരണങ്ങളും പരിശോധിച്ചു. അതിർത്തികളിൽ വേഗത്തിൽ വിന്യസിക്കാൻ കഴിയുന്ന തരത്തിൽ ഡിആർഡിഒയും എൽ ആൻഡ് ടിയും ചേർന്നാണ് ഈ ടാങ്ക് വികസിപ്പിച്ചത്.
കൂടാതെ, ദാമനിലെ നമോ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടം ഉൾപ്പെടെ നിരവധി പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസന യാത്രയിൽ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും, വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.









