ന്യൂഡൽഹി : ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. “ഒന്നും ഇവിടെ അവസാനിക്കുന്നില്ല, ഇതൊരു വലിയ പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി. ഏഴ് ദിവസത്തിനകം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്തില്ലെങ്കിൽ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും പാറ്റ പാർട്ടി പ്രഖ്യാപിച്ചു.
“എന്റെ അമ്മയും സഹോദരിയും ഞാൻ ജയിലിലാകുമെന്ന് ഭയന്ന് കരയുകയായിരുന്നു. ഈ ഭയം എന്റെ അമ്മയുടേത് മാത്രമല്ല, ഈ രാജ്യത്ത് സർക്കാരിനെതിരെ ശബ്ദമുയർത്തുന്ന ഓരോ കുട്ടിയുടെയും അമ്മമാരുടെ ഉള്ളിലുണ്ട്. എത്രനാൾ നമ്മൾ ഇങ്ങനെ ഭയന്ന് ജീവിക്കും? സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തും പോസ്റ്റുകൾ ഡിലീറ്റ് ചെയ്തും ഞങ്ങളെ ഇല്ലാതാക്കാമെന്ന് കരുതേണ്ട. ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾ നീക്കം ചെയ്തേക്കാം, എന്നാൽ ഈ പോരാട്ട ഭൂമിയിൽ നിന്ന് ഞങ്ങളെ തുടച്ചുനീക്കാൻ നിങ്ങൾക്കാവില്ല,” എന്ന് അഭിജീത് ദിപ്കെ ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കും ഈ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഭിജീത് ദിപ്കെയെ സർക്കാർ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ആറാഴ്ചത്തെ ഉപവാസ സമരം ആരംഭിക്കുമെന്നും വാങ്ചുക്ക് മുന്നറിയിപ്പ് നൽകി.












