ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിനെതിരെ പുതിയ ആരോപണവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. രാമക്ഷേത്രത്തിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകൾ നടക്കുന്നുവെന്നാണ് അഖിലേഷിന്റെ ആരോപണം. ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കോടികളുടെ കാണിക്കപ്പണം കാണാനില്ലെന്നും കോടതി ഇടപെട്ട് അന്വേഷണം നടത്തണമെന്നും അഖിലേഷ് വ്യക്തമാക്കി.
ക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച അത്യന്തം നാണക്കേടുണ്ടാക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. ആഗോളതലത്തിലുള്ള കോടിക്കണക്കിന് സനാതന വിശ്വാസികളുടെ വികാരത്തെ ബാധിക്കുന്ന വിഷയമായതിനാൽ കോടതി സ്വമേധയാ കേസെടുത്ത് ഇടപെടണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള മൗനം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ സനാതന സമൂഹത്തിന് പ്രഭു രാമനിലുള്ള ആഴത്തിലുള്ള വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണിത്. അതിനാൽ ബഹുമാനപ്പെട്ട കോടതി ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ അഖിലേഷ് യാദവ് സൂചിപ്പിച്ചു.








