വാഷിംഗ്ടൺ : ഇന്ന് രാത്രി ഇറാനെതിരെ ‘അതിശക്തമായ’ വ്യോമാക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ പുതിയ യുദ്ധപ്രഖ്യാപനം നടത്തിയത്. ഇറാന്റെ പ്രധാന എണ്ണ ഉത്പാദന കേന്ദ്രമായ ഖാർഗ് ദ്വീപിന്റെ നിയന്ത്രണം വൈകാതെ അമേരിക്ക പൂർണ്ണമായും ഏറ്റെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രാത്രിയും ട്രംപ് സമാനമായ രീതിയിൽ ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും തുടർന്ന് ഇറാനിലെ വിവിധ നഗരങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു.
ഫോക്സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ, ഇന്ന് രാത്രി നടക്കുന്ന ബോംബവർഷം കഴിഞ്ഞ ദിവസത്തേക്കാൾ വലുതും ശക്തവുമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ വ്യോമ-നാവിക പ്രതിരോധ സംവിധാനങ്ങൾ ഇതിനകം തന്നെ അമേരിക്ക തകർത്തുകഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. മുമ്പ് വെനിസ്വേലയുടെ എണ്ണ വിപണിയിൽ അമേരിക്ക മേധാവിത്വം സ്ഥാപിച്ചതുപോലെ, വരും ദിവസങ്ങളിൽ ഇറാന്റെ എണ്ണ-വാതക വിപണിയുടെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണ വിപണി പൂർണ്ണമായും തകർക്കുക എന്നതാണ് അമേരിക്കയുടെ അടുത്ത ലക്ഷ്യം. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുകയാണ് ട്രംപ് അടുത്തതായി ലക്ഷ്യമിടുന്നത്. അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാൻ ആകാശത്ത് വട്ടമിട്ടു പറക്കുന്നുണ്ടെന്നും യുദ്ധം നിർണ്ണായക ഘട്ടത്തിലാണെന്നും യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സൂചിപ്പിച്ചു.








