വാഷിംഗ്ടൺ : യുഎസ്-ഇറാൻ യുദ്ധം അവസാനത്തോട് അടുക്കുന്നതായി സൂചന. മൂന്നുമാസമായി തുടരുന്ന സംഘർഷത്തിന് ഈ ആഴ്ച അവസാനത്തോടെ സമാധാനമുണ്ടാകും എന്നാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനായി ഇറാനുമായി മികച്ച ഒരു ഒത്തുതീർപ്പിൽ എത്തിയെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് സൂചിപ്പിച്ചു. ഇതോടൊപ്പം ഇറാനുമേൽ നിശ്ചയിച്ചിരുന്ന പുതിയ മിസൈൽ ആക്രമണങ്ങൾ റദ്ദാക്കിയതായും ട്രംപ് അറിയിച്ചു.
യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാർ യൂറോപ്പിൽ വെച്ച് നടക്കുന്ന ചർച്ചകൾക്ക് ശേഷം ഒപ്പുവയ്ക്കുമെന്നാണ് യുഎസ് പ്രസിഡന്റ് നൽകുന്ന സൂചന. യൂറോപ്പിൽ വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അമേരിക്കയ്ക്ക് വേണ്ടി കരാറിൽ ഒപ്പുവെക്കുമെന്നാണ് വിവരം. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന കർശന വ്യവസ്ഥ കരാറിന്റെ ഭാഗമാണെന്നാണ് ട്രംപ് നൽകുന്ന സൂചന.
ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമൂസ് കടലിടുക്ക് കരാർ ഒപ്പിടുന്നതോടെ ഔദ്യോഗികമായി തുറന്നുകൊടുക്കും. എന്നാൽ, ഇവിടെ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുന്നതുവരെ യുഎസ് നാവിക ഉപരോധം തുടരും. വിവിധ വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ തിരികെ നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.








