തളിപ്പറമ്പിൽ നിന്നും യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയം നേടിയ ടി.കെ ഗോവിന്ദൻ എംഎൽഎയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി. വെള്ളിയാഴ്ച വൈകിട്ട് 3.50-ഓടെയാണ് സംഭവം. കണ്ണൂരിൽ വെച്ച് മന്ത്രി സണ്ണി ജോസഫിനൊപ്പം ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് എംഎൽഎയുടെ ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയത്. ഈ സമയം എംഎൽഎയുടെ പേഴ്‌സണൽ അസിസ്റ്റന്റായ (പിഎ) പി.വി ജയനാണ് ഫോൺ അറ്റൻഡ് ചെയ്തത്. ഫോൺ എടുത്ത ഉടൻ മറുതലയ്ക്കൽ നിന്നും കടുത്ത ഭാഷയിലുള്ള വധഭീഷണിയും ഒപ്പം അതിരൂക്ഷമായ അശ്ലീല വർഷവുമായിരുന്നുവെന്ന് പേഴ്സണൽ സ്റ്റാഫ് പോലീസിനോട് പറഞ്ഞു.
“നിനക്ക് ഒരിക്കൽ മുന്നറിയിപ്പ് തന്നതാണല്ലോ, ജയിൽ ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേയല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ നിന്നെ ഞങ്ങൾ സമ്മതിക്കില്ല” എന്നായിരുന്നു ഫോൺ വിളിച്ചയാളുടെ ഭീഷണി. വധഭീഷണി മുഴക്കിയതിന് പിന്നാലെ ഇയാൾ ഫോൺ കട്ട് ചെയ്യുകയായിരുന്നു. തുടർന്ന് എംഎൽഎയുടെ ഓഫീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഭീഷണി സന്ദേശം എത്തിയ ഫോൺ നമ്പർ കോഴിക്കോട് തിരുവമ്പാടി സ്വദേശിയുടേതാണെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന വോട്ടെണ്ണൽ ദിവസവും സമാനമായ രീതിയിൽ എംഎൽഎയ്ക്ക് നേരെ ഫോണിലൂടെ വധഭീഷണി ഉയർന്നിരുന്നതായി പേഴ്സണൽ അസിസ്റ്റന്റ് വെളിപ്പെടുത്തി. തളിപ്പറമ്പിലെ കടുത്ത രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ അപ്രതീക്ഷിത വിജയം നേടിയ ടി.കെ ഗോവിന്ദനെ ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ ആരോപണം. ജനപ്രതിനിധിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്












