ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന രാഷ്ട്രീയത്തെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്ന വൻ വെളിപ്പെടുത്തലുകളുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ രംഗത്ത്. യുവതീപ്രവേശന ദിവസം തന്നെയും അന്നത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്തിനെയും ബോധപൂർവ്വം സന്നിധാനത്തുനിന്ന് മാറ്റിനിർത്തിയതാണെന്നും, ഇതിന് പിന്നിൽ പാർട്ടിയിലും ഭരണനേതൃത്വത്തിലും സ്വാധീനമുള്ള ഒരു ഉന്നതനാണെന്നുമാണ് പത്മകുമാറിന്റെ തുറന്നുപറച്ചിൽ.
തന്റെ അടുത്ത സുഹൃത്തുക്കളോട് പത്മകുമാർ നടത്തിയ ഈ വെളിപ്പെടുത്തലുകൾ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ആത്മകഥയിൽ ഉണ്ടാകുമെന്നാണ് സൂചന. സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരെ നാളെ സി.പി.എം ജില്ലാ കമ്മിറ്റി നിർണ്ണായക അച്ചടക്ക നടപടി ചർച്ച ചെയ്യാനിരിക്കെയാണ് ഈ രാഷ്ട്രീയ ബോംബ് പുറത്തുവന്നിരിക്കുന്നത്.
യുവതികൾ സന്നിധാനത്ത് എത്തിയ വിവരം താൻ ടിവിയിലൂടെയാണ് അറിഞ്ഞതെന്നാണ് പത്മകുമാർ വ്യക്തമാക്കുന്നത്. യുവതികൾ പ്രവേശിച്ച ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി അടിയന്തിരമായി തിരുവനന്തപുരത്ത് എത്താൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് എത്തിയപ്പോൾ പാർട്ടിയിലും ഭരണത്തിലും സ്വാധീനമുള്ള ആ ഉന്നത വ്യക്തിയെ കാണാൻ തനിക്ക് അനുമതി നൽകിയില്ലെന്നും പത്മകുമാർ സുഹൃത്തുക്കളോട് വെളിപ്പെടുത്തി. തന്നെയോടൊപ്പം എ.ഡി.ജി.പി ശ്രീജിത്തിനെയും അന്ന് ബോധപൂർവ്വം മാറ്റിനിർത്തുകയായിരുന്നു.
ശബരിമലയിലെ യുവതീപ്രവേശന കാലത്തെ അണിയറക്കഥകൾക്ക് പുറമെ, ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളും ആത്മകഥയിലൂടെ പുറത്തുകൊണ്ടുവരുമെന്ന സൂചന പത്മകുമാർ നൽകുന്നുണ്ട്. സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങളും ആത്മകഥയിലുണ്ടാകും. ദേവസ്വം രേഖകളിൽ ‘ചെമ്പ്’ എന്ന് എഴുതിച്ചേർത്തത് മറ്റാരോ ആണെന്നാണ് പത്മകുമാറിന്റെ വാദം. ആ രേഖകളിൽ ഒപ്പിടാൻ തന്നെ ചിലർ നിർബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു.
സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെതിരെയുള്ള പാർട്ടി അച്ചടക്ക നടപടികൾ ചർച്ച ചെയ്യാൻ നാളെ സി.പി.എം ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്. നാളത്തെ യോഗത്തിൽ തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായതോടെ, പാർട്ടിയെ സമ്മർദ്ദത്തിലാക്കി നടപടി ഒഴിവാക്കാനായി പത്മകുമാർ നടത്തുന്ന മുൻകൂർ തന്ത്രമാണിതെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നത്.
എന്തായാലും നാളത്തെ ജില്ലാ കമ്മിറ്റി യോഗവും, വരാനിരിക്കുന്ന പത്മകുമാറിന്റെ ആത്മകഥയും കേരള രാഷ്ട്രീയത്തിൽ പുതിയ കൊടുങ്കാറ്റുകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.









