പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറു ദിവസത്തെ യൂറോപ്യൻ പര്യടനത്തിന് ഫ്രാൻസിലെ നീസിൽ ആവേശോജ്ജ്വലമായ തുടക്കം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ നിർണായക ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ, ഇരുനേതാക്കളും ചേർന്ന് ‘ഭാരത് ഇന്നവേറ്റ്സ് 2026’ സാങ്കേതിക ഉച്ചകോടി സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ അത്യാധുനിക ഡീപ്-ടെക്, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ആഗോള നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക സഹകരണത്തിൽ ഒരു പുതിയ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ-ഫ്രാൻസ് ഇന്നവേഷൻ വർഷത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പരിപാടിയിൽ ഭാരതത്തിൽ നിന്നുള്ള 120-ലധികം മുൻനിര ഇന്നവേറ്റർമാരും 15 പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. സെമികണ്ടക്ടറുകൾ, ബഹിരാകാശ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്, ബയോടെക്നോളജി തുടങ്ങി 13 തന്ത്രപ്രധാന മേഖലകളിലെ ഭാരതത്തിന്റെ കുതിപ്പാണ് ഈ ആഗോള വേദിയിൽ പ്രദർശിപ്പിക്കുന്നത്. ആഗോളതലത്തിലെ അഞ്ഞൂറിലധികം പ്രമുഖ നിക്ഷേപകരും കോർപ്പറേറ്റ് സിഇഒമാരും പങ്കെടുക്കുന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. മുൻപ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പദവിയിലേക്ക് ഉയർത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഏറെ പ്രാധാന്യത്തോടെയാണ് ഫ്രാൻസ് വീക്ഷിക്കുന്നത്.
ഫ്രാൻസിലെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക് തിരിക്കും. 1993-ൽ സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഒരു ഭാരതീയ പ്രധാനമന്ത്രി അവിടെ നടത്തുന്ന ആദ്യത്തെ ചരിത്രപരമായ സന്ദർശനമാണിത്. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ, പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഫ്രാൻസിലെ എവിയാനിലേക്ക് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി ജൂൺ 16, 17 തീയതികളിൽ നടക്കുന്ന ജി7 (G7) ഉച്ചകോടിയിൽ പങ്കാളിയാകും. ഈ ഉച്ചകോടിയുടെ ഭാഗമായി ജൂൺ 17-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ആഗോള വ്യാപാര ചർച്ചകൾ, പുനരുപയോഗ ഊർജ്ജം, പ്രതിരോധ ഉൽപ്പാദനം, ഭാരത-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ (FTA) എന്നിവയെല്ലാം ഈ പര്യടനത്തിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ജൂൺ 18-ന് പാരീസിലെത്തുന്ന പ്രധാനമന്ത്രി യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ‘വിവാടെക് ഉച്ചകോടി’യിലും പങ്കെടുത്ത ശേഷമാകും ഭാരതത്തിലേക്ക് മടങ്ങുക.












