വ്യോമസേനാ ഉദ്യോഗസ്ഥന്റെ 26-കാരിയായ ഭാര്യയെ കബളിപ്പിച്ച് ക്രൂര പീഡനത്തിന് ഇരയാക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്ത് നിർബന്ധിത മതപരിവർത്തനം നടത്തുകയും ചെയ്ത കേസിൽ മുഖ്യപ്രതിയായ മൗലവി ഒടുവിൽ പിടിയിൽ. മധ്യപ്രദേശിൽ ഒളിവിൽ കഴിയുകയായിരുന്ന ഹസ്രത് മൗലാനാ എന്ന മൗലവിയെ നാഗ്പൂർ പോലീസാണ് അതീവ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. ഇരയായ യുവതിയുടെ നിർബന്ധിത മതപരിവർത്തനത്തിനും അതിനുശേഷം നടത്തിയ നിക്കാഹിനും (വിവാഹം) പിന്നിൽ പ്രധാന സൂത്രധാരനായി പ്രവർത്തിച്ചത് ഈ മൗലവിയാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
രാജ്യത്തെ നടുക്കിയ കടുത്ത പീഡനത്തിന്റെയും ഭീഷണിയുടെയും വിവരങ്ങൾ ഈ ആഴ്ചയുടെ തുടക്കത്തിലാണ് പുറത്തുവന്നത്. യുവതിയുടെ മുൻ സഹപാഠിയായ അയാസ് മദാരെയും അയാളുടെ കൂട്ടാളികളും ചേർന്ന് തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, പിന്നീട് ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്‌മെയിൽ ചെയ്തും ആഭിചാര ക്രിയകൾ നടത്തിയും നിർബന്ധിതമായി മതം മാറ്റുകയായിരുന്നു എന്നുമാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ നാഗ്പൂർ പോലീസ് നേരത്തെ തന്നെ കേസ് എടുത്തിരുന്നു.
ഇതിനിടെ, സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രതിഷേധത്തിനും ജനരോഷത്തിനും കാരണമായ ഒരു വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഒരു മുസ്‌ലിം യുവാവ് യുവതിയുടെ കൈകളിൽ ബലമായി പിടിച്ചുവെച്ച് ഉറുദുവിൽ ചില മന്ത്രങ്ങൾ ഉരുവിടുന്നതായിരുന്നു ഈ ദൃശ്യങ്ങൾ. മന്ത്രങ്ങൾ ചൊല്ലുന്ന സമയമത്രയും യുവതി ഭയന്ന് കരയുന്നതും തന്നെ വിട്ടയക്കാൻ യാചിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. മൗലവിയുടെ അറസ്റ്റോടെ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.











