ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽ കലാപം രൂക്ഷമാകുന്നു. സ്വന്തം പാർട്ടിയിലെ ജനപ്രതിനിധികൾക്കും പ്രവർത്തകർക്കും തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടതോടെ, പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. ശിവസേനയുടെ സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പദവി ഒഴിഞ്ഞുപോകാമെന്ന വികാരനിർഭരമായ നാടകത്തിന് ഉദ്ധവ് മുതിർന്നത്. പാർട്ടിയിലെ സാധാരണക്കാരായ അണികൾക്ക് തന്നിൽ വിശ്വാസമില്ലെന്ന് തോന്നുന്ന നിമിഷം പടിയിറങ്ങുമെന്നും, അധികാരം നിലനിർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് താക്കറെ അവകാശപ്പെടുന്നത്. എന്നാൽ രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കേവലം സഹതാപം പിടിച്ചുപറ്റാനുള്ള അടവായിട്ടാണ് വിലയിരുത്തുന്നത്.
ബാലാസാഹേബ് താക്കറെ കെട്ടിപ്പടുത്ത യഥാർത്ഥ ദേശീയ-ഹിന്ദുത്വ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ച്, കേവലം കുടുംബ മഹിമയുടെ പുറത്ത് പാർട്ടി പിടിച്ചടക്കാൻ ശ്രമിച്ച ഉദ്ധവ് ക്യാമ്പിന് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പ്രഹരമാണ് ഏറ്റത്. ആകെയുള്ള ഒൻപത് ലോക്‌സഭാ എംപിമാരിൽ ആറുപേരും ഉദ്ധവിനെ തള്ളിപ്പറയുകയും ഔദ്യോഗിക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.. തങ്ങൾ പ്രതീക്ഷ കൈവിടില്ലെന്നും വഞ്ചിച്ചവർക്കെതിരെ പോരാടുമെന്നും ഉദ്ധവ് പ്രസംഗത്തിൽ പറയുന്നുണ്ടെങ്കിലും സ്വന്തം അണികളെപ്പോലും കൂടെനിർത്താൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബവാഴ്ചാ രാഷ്ട്രീയത്തിന്റെ വക്താക്കൾ.
ബാലാസാഹേബ് താക്കറെ മുൻപ് നൽകിയ നിർദ്ദേശങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവരെ തകർക്കണമെന്ന് ഉദ്ധവ് അണികളോട് ആഹ്വാനം ചെയ്തെങ്കിലും അത് സ്വന്തം പരാജയം മറച്ചുവെക്കാനുള്ള നീക്കമാണെന്ന് വ്യക്തം. രാജ്യവിരുദ്ധ ശക്തികളുമായി വരെ സഖ്യമുണ്ടാക്കി അധികാരം പിടിക്കാൻ ശ്രമിച്ചതാണ് താക്കറെ കുടുംബത്തിന് ഈ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായത്. പാർട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും മോദി സർക്കാരിന്റെ വികസന രാഷ്ട്രീയത്തോടൊപ്പം ചേർന്ന് മുന്നോട്ട് പോകാൻ ആഗ്രഹിക്കുമ്പോൾ, ഉദ്ധവ് താക്കറെയുടെ ഈ രാജി പ്രഖ്യാപനം ശിവസേന UBT-യുടെ പൂർണ്ണമായ തകർച്ചയുടെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.












