ഇന്ത്യൻ സമുദ്രമേഖലയെ കേവലം ഒരു തന്ത്രപ്രധാന പാതയായിട്ടല്ല, മറിച്ച് സാമ്പത്തിക അഭിവൃദ്ധിയും പരസ്പര സുരക്ഷയും ഉറപ്പാക്കുന്ന ഒരു ‘അവസരങ്ങളുടെ സമുദ്രമായി’ മാറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും സീഷെൽസും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ വിപുലീകരിച്ച പുതിയ സമുദ്ര നയത്തെക്കുറിച്ച് വ്യക്തമാക്കിയത്.
വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം സീഷെൽസിൽ ഇന്ത്യയുടെ യുപിഐ സംവിധാനം നടപ്പിലാക്കുന്നതിനുള്ള ചരിത്രപരമായ ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയുടെ ആഗോള സമുദ്ര നയമായ ‘മഹാസാഗർ’ ദർശനത്തെ മുൻനിർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഇന്ത്യൻ സമുദ്രം നമ്മുടെയെല്ലാം പങ്കിട്ട ഭവനമാണെന്നും അതിന്റെ സുരക്ഷയും സുസ്ഥിരതയും പരസ്പര ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തന്റെ സീഷെൽസ് സന്ദർശനത്തിന്റെ സന്ദേശം വളരെ വ്യക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യങ്ങളുടെ വലിപ്പത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലുമായിരിക്കണം പങ്കാളിത്തമെന്നും, ഒന്നിച്ച് മുന്നേറുകയാണ് ഇന്ത്യയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 മാർച്ചിൽ പ്രഖ്യാപിച്ച ‘മഹാസാഗർ’ ദർശനം ഇന്ത്യയുടെ ആഗോളതലത്തിലുള്ള വിപുലീകരിച്ച സമുദ്ര തന്ത്രമാണ്. ‘Mutual And Holistic Advancement for Security And Growth Across Regions’ എന്നതാണ് ഇതിന്റെ പൂർണ്ണരൂപം.
ഇന്ത്യൻ സമുദ്രത്തിന്റെ പ്രാദേശിക പശ്ചാത്തലത്തിൽ മാത്രം ഒതുങ്ങാതെ, ആഗോളതലത്തിലേക്ക് ഇന്ത്യയുടെ സമുദ്ര ശ്രദ്ധ വ്യാപിപ്പിക്കുന്നതാണ് ഈ നയം. ഈ മേഖലയിലെ ചെറിയ സംസ്ഥാനങ്ങളുമായുള്ള ബന്ധം ശക്തമാക്കുക, സമുദ്ര സുരക്ഷ ഉറപ്പാക്കുക, അനധികൃതവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ അടിച്ചമർത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.









