വിവാഹമോചന അല്ലെങ്കിൽ ഗാർഹിക പീഡന കേസുകളിൽ പുരുഷന്മാർക്ക് വലിയ ആശ്വാസം നൽകുന്ന നിർണ്ണായക വിധിയുമായി കർണാടക ഹൈക്കോടതി. ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനമുള്ളപ്പോഴും ഭർത്താവിനേക്കാൾ കൂടുതൽ ശമ്പളം വാങ്ങുമ്പോഴും കോടതികൾ ജീവനാംശം (Alimony) അനുവദിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയോ മറ്റ് വലിയ സാമ്പത്തിക ബാധ്യതകളോ ഇല്ലാതിരിക്കുകയും, ഭർത്താവിനേക്കാൾ സാമ്പത്തിക ഭദ്രതയുള്ളവളായിരിക്കുകയും ചെയ്യുമ്പോൾ ഭാര്യയെ സംരക്ഷിക്കേണ്ടത് ഭർത്താവിന്റെ മാത്രം കടമയാണെന്ന പരമ്പരാഗത വാദം ഉന്നയിച്ച് കോടതികൾ ജീവനാംശം നൽകാൻ ഉത്തരവിടരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗാർഹിക പീഡന നിയമപ്രകാരം ഭാര്യയ്ക്ക് പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നൽകാൻ മൈസൂരുവിലെ വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
മൈസൂരു സ്വദേശിനിയുടെ പരാതിയെ തുടർന്ന് ഗോണികൊപ്പ സ്വദേശിയായ 37-കാരനായ ഭർത്താവിനെതിരെ വിചാരണ കോടതി ഇടക്കാല ജീവനാംശം വിതരണം ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭർത്താവ് സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഡോ. ചില്ലാകൂർ സുമലതയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ രേഖകൾ വിശദമായി പരിശോധിച്ച ഹൈക്കോടതി, ഭാര്യയുടെ വരുമാനം ഭർത്താവിനേക്കാൾ വളരെ കൂടുതലാണെന്ന് കണ്ടെത്തി. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഭാര്യയ്ക്ക് പ്രതിമാസം ഒരു ലക്ഷം രൂപയിലധികം വരുമാനമുണ്ട്. അതേസമയം ഭർത്താവിന്റെ മാസവരുമാനം 60,646 രൂപ മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തിൽ സ്വന്തമായി മാന്യമായി ജീവിക്കാൻ കൃത്യമായ വരുമാനമുള്ള ഭാര്യയ്ക്ക്, തന്നേക്കാൾ കുറഞ്ഞ ശമ്പളം വാങ്ങുന്ന ഭർത്താവ് തന്റെ ശമ്പളത്തിൽ നിന്ന് വീണ്ടും 20,000 രൂപ വീതം നൽകണമെന്ന് ഉത്തരവിടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് ജസ്റ്റിസ് ഡോ. ചില്ലാകൂർ സുമലത വ്യക്തമാക്കി.
നിയമപ്രകാരം ജീവനാംശം എന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അല്ലെങ്കിൽ വരുമാനമാർഗ്ഗമില്ലാത്ത പങ്കാളിക്ക് അന്തസ്സോടെ ജീവിക്കാനുള്ള താങ്ങാണ്. എന്നാൽ ഇതിനെ ഭർത്താവിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനുള്ള ആയുധമാക്കാൻ അനുവദിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യ സാമ്പത്തികമായി ഭർത്താവിനേക്കാൾ ഉയർന്ന നിലയിലായിരിക്കുമ്പോൾ ജീവനാംശം നൽകാൻ ഉത്തരവിടുന്നത് നീതിയുക്തമല്ല. കീഴ്ക്കോടതികൾ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഇരുപക്ഷത്തിന്റെയും സാമ്പത്തിക സ്രോതസ്സുകൾ കൃത്യമായി വിലയിരുത്തണമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. രാജ്യത്തുടനീളം വലിയ ചർച്ചകൾക്ക് വഴിവെക്കുന്നതാണ് കർണാടക ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവ്.









