ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം വൻ വിവാദങ്ങൾക്കും പോലീസ് അന്വേഷണത്തിനും വഴിവെച്ച ഷാംലി സ്വദേശിയായ യുവാവ് ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി. മാതാപിതാക്കളുടെ മാനസിക വിഷമങ്ങളും കുടുംബത്തിന്റെ അവസ്ഥയും കണക്കിലെടുത്ത് സ്വന്തം ഇഷ്ടപ്രകാരമാണ് താൻ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയതെന്ന് യുവാവ് വ്യക്തമാക്കി.
ഉത്തർപ്രദേശിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് കാരണമായ ഷാംലി മതപരിവർത്തന കേസിലെ പ്രധാനിയായ ആയുഷ് മാലിക് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയതായി കുടുംബം അറിയിച്ചു. ഹിന്ദുമത ആചാരപ്രകാരമുള്ള പൂജകളും പ്രാർത്ഥനകളും നടത്തുന്ന ആയുഷിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
“ഞാൻ ഇസ്ലാം മതം സ്വീകരിച്ച് പേര് മാറ്റിയിരുന്നു. എന്നാൽ എന്റെ മാതാപിതാക്കളുടെ വേദനയും കുടുംബത്തിന്റെ സാഹചര്യങ്ങളും മനസ്സിലാക്കിയപ്പോൾ, സ്വന്തം പൂർണ്ണ മനസ്സാലെ ഞാൻ വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇനി എന്റെ കുടുംബത്തിന്റെ സംരക്ഷണത്തിൽ അവർക്കൊപ്പം ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” – ആയുഷ് വീഡിയോയിൽ പറഞ്ഞു. തന്റെ മകൻ ഔദ്യോഗികമായി സനാതന ധർമ്മം വീണ്ടും സ്വീകരിച്ചതായി പിതാവ് ദേവരാജ് മാലിക്കും സ്ഥിരീകരിച്ചു.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കൽ സ്റ്റോർ നടത്തിപ്പിൽ സഹായിച്ചിരുന്ന ബി-ഫാം ബിരുദധാരിയായ ആയുഷ് മാലിക്, 2018-ൽ കാലിനേറ്റ പരിക്കിന് ചികിത്സ തേടി പ്രാദേശിക ആശുപത്രിയിൽ എത്തിയപ്പോഴാണ് ഫിസിയോതെറാപ്പിസ്റ്റായ ചാന്ദ്നി ഖുറേഷിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ചാന്ദ്നിയുടെ കുടുംബം ആയുഷിനെ സ്വാധീനിച്ച് മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു.
ആയുഷിനെ മതം മാറ്റി ‘മുഹമ്മദ് അലി’ എന്ന പേര് നൽകിയതായും, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കുടുംബ സ്വത്തുക്കൾ കൈക്കലാക്കാൻ ചാന്ദ്നിയും പിതാവ് ഇസ്ലാം ഖുറേഷിയും ചേർന്ന് ആയുഷിനെ ബ്രെയിൻവാഷ് ചെയ്ത് ആസൂത്രിത ഗൂഢാലോചന നടത്തിയതായും പിതാവ് ദേവരാജ് മാലിക് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പോലീസ് കഴിഞ്ഞ ആഴ്ചകളിൽ ചാന്ദ്നിയെയും പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു.








