ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണവും അതിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയും സംബന്ധിച്ച് പാർലമെന്റിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെതിരെ കോൺഗ്രസ് അവകാശലംഘന നോട്ടീസ് നൽകി. കോൺഗ്രസ് നേതാവും എംപിയുമായ കെ.സി വേണുഗോപാലാണ് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയത്. ഓപ്പറേഷൻ സിന്ദൂറിൽ 6 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെ കുറിച്ച് രാജ്നാഥ് സിംഗ് സഭയെ അറിയിച്ചില്ല എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ലോക്സഭയിലെ ചട്ടങ്ങൾ പ്രകാരം (Rule 223) പ്രതിരോധ മന്ത്രിക്കെതിരെ അവകാശലംഘന നടപടികൾ സ്വീകരിക്കണമെന്ന് കെ.സി വേണുഗോപാൽ സ്പീക്കറോട് ആവശ്യപ്പെട്ടു. സൈനിക നടപടിക്കിടെ വീരമൃത്യു വരിച്ച ആറ് ഇന്ത്യൻ സൈനികരുടെ വിവരങ്ങൾ അടുത്തിടെ ഇന്ത്യ ഔദ്യോഗികമായി പുറത്തു വിട്ടതാണ് കോൺഗ്രസ് ഇപ്പോൾ ആയുധമാക്കിയിരിക്കുന്നത്. എന്നാൽ അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാർ കൊല്ലപ്പെട്ടു എന്ന രീതിയിൽ പടർന്ന വ്യാജ പ്രചാരണങ്ങളെയും നുണക്കഥകളെയും പ്രതിരോധിക്കുകയാണ് സഭയിൽ രാജനാഥ് സിംഗ് ചെയ്തത് എന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ജനങ്ങളെ അവരുടെ ധീരതയെയും ആത്യന്തിക ത്യാഗത്തെയും കുറിച്ച് അറിയിക്കാത്തത് ഈ ആറ് രക്തസാക്ഷികളുടെ കുടുംബങ്ങൾക്കും മുഴുവൻ സായുധ സേനകൾക്കും കടുത്ത അപമാനമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മൂഡ് മുരളീനായ്ക്, കരസേനയിൽ നിന്നുള്ള ഹവിൽദാർ സുനിൽ കുമാർ സിംഗ്, ഇന്ത്യൻ വ്യോമസേനയിലെ സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയുടെ കാലയളവിൽ വീരമൃത്യു വരിച്ച ജവാന്മാർ.









