ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മൈക്കും തമ്മിലുള്ള ‘പക’. പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിക്കാൻ തുടങ്ങുമ്പോൾ മൈക്ക് തകരാറിലാകുന്നതും ആദ്യം ക്ഷുഭിതനായ അദ്ദേഹം പിന്നീട് ചിരിയോടെ അതിനെ നേരിട്ടതുമെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഭരണം മാറി യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും മൈക്ക് കഥകളിലെ കൗതുകം തീരുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
‘ഹരിവരാസനം’ എന്ന പുതിയ സിനിമയുടെ പൂജാവേദിയിലായിരുന്നു രസകരമായ ഈ സംഭവം. സംസ്ഥാന സർക്കാരിന്റെ പ്രകൃതിസംരക്ഷണ പദ്ധതിയായ ‘തൂഫാൻ പദ്ധതി’യുടെ ഭാഗമായി സിനിമയുടെ അണിയറപ്രവർത്തകരെ മുഴുവൻ ‘തൂഫാൻ വാരിയേഴ്സ്’ ആയി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ആഭ്യന്തര മന്ത്രി മുഖ്യാതിഥിയായി എത്തിയത്. വേദിയിലുണ്ടായിരുന്ന സിനിമാ പ്രവർത്തകർക്കെല്ലാം തൂഫാൻ വാരിയേഴ്സ് ബാഡ്ജ് അദ്ദേഹം നേരിട്ട് ധരിപ്പിച്ചു നൽകി. ഇതിനിടയിൽ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കാൻ ഒരുങ്ങവേയാണ് മൈക്കിൽ നിന്നും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലുള്ള വലിയ ശബ്ദം (ഹമ്മിങ്) വരികയും തുടർന്ന് മൈക്ക് ഭാഗികമായി പണിമുടക്കുകയും ചെയ്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ഒട്ടും സമയം കളയാതെ രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയ നർമ്മം പുറത്തെടുത്തു. “ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാത്രം മാറിയിട്ടില്ലല്ലോ!” എന്നായിരുന്നു മന്ത്രിയുടെ തമാശരൂപേണയുള്ള പ്രതികരണം. ഭരണം മാറിയിട്ടും മൈക്കുകൾക്ക് പഴയ സർക്കാരിന്റെ കാലത്തെപ്പോലെ ഇപ്പോഴും കലിപ്പ് തീർന്നിട്ടില്ലെന്ന രീതിയിലുള്ള മന്ത്രിയുടെ ഈ ‘തഗ്ഗ്’ കേട്ടതോടെ വേദിയിലുണ്ടായിരുന്ന പ്രമുഖരും സദസ്സിലിരുന്നവരും ഒന്നിച്ച് പൊട്ടിച്ചിരിക്കുകയായിരുന്നു. മുൻപ് മൈക്ക് കൂവിപ്പൊളിഞ്ഞതിന് മൈക്ക് ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്ത സംഭവം വരെ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാൽ പുതിയ ആഭ്യന്തര മന്ത്രി കേസിനൊന്നും പോകാതെ വിഷയം ചിരിയിൽ ഒതുക്കിയതോടെ സംഭവം നവമാധ്യമങ്ങളിലും ട്രോളൻമാർക്കിടയിലും വൻ ഹിറ്റായി മാറിക്കഴിഞ്ഞു.












