മലയാള സിനിമയിലെ വിസ്മയ കൂട്ടുകെട്ടുകൾ വീണ്ടും ഒന്നിക്കുന്ന വമ്പൻ പ്രോജക്റ്റിൽ നായകനായി മോഹൻലാൽ എത്തുന്നു. സിനിമാ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ദിലീഷ് പോത്തൻ – ശ്യാം പുഷ്കരൻ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിലാണ് മോഹൻലാൽ മുഖ്യ വേഷത്തിലെത്തുന്നത്. ‘നെടുങ്കണ്ടം മിറാക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മലയാള സിനിമയ്ക്ക് ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ തുടങ്ങിയ ജനപ്രിയ ക്ലാസിക്കുകൾ സമ്മാനിച്ച സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ആദ്യമായാണ് മോഹൻലാലുമായി കൈകോർക്കുന്നത്. ശ്യാം പുഷ്കരനൊപ്പം പോൾസൺ സക്കറിയയും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമായ ഒരു റിയലിസ്റ്റിക് ഹ്യൂമർ ഡ്രാമ ആയിരിക്കും ഇതെന്ന് സൂചനകളുണ്ട്.
ഹിറ്റ് മേക്കർ സുഷിൻ ശ്യാം ചിത്രത്തിന് ഈണമിടുമ്പോൾ, ദിലീഷ് പോത്തൻ ചിത്രങ്ങളുടെ വിശ്വസ്തനായ ഷൈജു ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്. സൈജു ശ്രീധരൻ എഡിറ്റിംഗും അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്, കോസ്റ്റ്യൂം വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് യഥാക്രമം റോണക്സ് സേവ്യറും മഷർ ഹംസയുമാണ്. അച്ചു ബേബി ജോണിന്റെ നിർമ്മാണ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ ‘ഭാവന റിലീസ്’ആണ്. യെല്ലോടൂത്സ് ടൈറ്റിൽ ഡിസൈൻ നിർവ്വഹിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.












