പാസ്പോർട്ട് പൗരത്വ രേഖയല്ല, മറിച്ച് കേവലം യാത്രാരേഖ മാത്രമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പാസ്‌പോർട്ട് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്രചെയ്യുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കേണ്ട രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം.
പാസ്‌പോർട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള പര്യാപ്തമായ രേഖയാണോ എന്ന തർക്കം രാജ്യത്ത് ശക്തമായി മുറുകുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ സുപ്രധാന പ്രസ്താവന പുറത്ത് വരുന്നത്. എസ്‌ഐആർ പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോർട്ട് പൗരത്വ രേഖയായി ഉപയോഗിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്, ഇത് പൗരത്വ രേഖയല്ലെന്ന് കേന്ദ്ര സർക്കാർ മുൻപും വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയവും തങ്ങളുടെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
1967 ലെ പാസ്പോർട്ട് നിയമപ്രകാരം ഇന്ത്യൻ പാസ്പോർട്ട് പ്രാഥമികമായി ഒരു യാത്രാ രേഖ മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. പാസ്പോർട്ടുകൾ പൗരത്വത്തിന്റെ തെളിവായി കണക്കാക്കാമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വിവിധ തലങ്ങളിൽ തുടരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്.
വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് വിഷയത്തിൽ മാധ്യമങ്ങളോട് മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയത്. 1967ലെ പാസ്പോർട്ട് ആക്ട്, 1980-ലെ പാസ്പോർട്ട് നിയമങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് വ്യക്തികൾക്ക് പാസ്പോർട്ടുകൾ അനുവദിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. നിലവിൽ ആകെ ഇന്ത്യൻ പൗരന്മാരിൽ 8 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് പാസ്പോർട്ട് ഉള്ളതെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.










