മറ്റ് കൗമാരക്കാർ സ്കൂളിൽ പോകാൻ മടിച്ചുണരുന്ന പുലർകാലങ്ങളിൽ, പുലർച്ചെ ഏഴു മണിക്ക് മുൻപ് തന്നെ യൂണിഫോം ധരിച്ച് പരേഡ് ഗ്രൗണ്ടിൽ മുന്നൂറോളം കേഡറ്റുകൾക്ക് കണിശമായ പരിശീലനവും നിർദ്ദേശങ്ങളും നൽകി വിസ്മയമാകുകയാണ് ഋദ്ധി ചൗഹാൻ എന്ന പതിനേഴുകാരി. അമേരിക്കൻ നാവികസേനയിൽ (US Navy) കമ്മീഷൻഡ് ഓഫീസറാകുക എന്ന തന്റെ വലിയ സ്വപ്നത്തിലേക്ക് ഒരു പടികൂടി മുന്നേറിയിരിക്കുകയാണ് ഈ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി. യുഎസിലെ പ്രശസ്തമായ നേവൽ അക്കാദമി പ്രിപ്പറേറ്ററി സ്കൂളിൽ (NAPS) അഡ്മിഷൻ നേടിയാണ് ഋദ്ധി ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ന്യൂയോർക്കിലെ ക്വീൻസിലുള്ള ബെഞ്ചമിൻ എൻ. കാർഡോസോ ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ ഋദ്ധി, സ്കൂളിലെ നേവി ജൂനിയർ റിസർവ് ഓഫീസേഴ്സ് ട്രെയിനിംഗ് കോർപ്സ് (NJROTC) യൂണിറ്റിലെ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസറായാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ഈ പ്രോഗ്രാമിലെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന നേതൃപദവിയാണിത്.
തന്റെ ആത്മവിശ്വാസവും നേതൃപാടവവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഋദ്ധി ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ആദ്യ വർഷത്തിൽ തന്നെ എൻജെആർഒടിസി (NJROTC) പ്രോഗ്രാമിൽ ചേർന്നത്. കഠിനാധ്വാനവും അച്ചടക്കവും കൊണ്ട് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ അക്കാദമിക് കമാൻഡർ, സ്റ്റെം (STEM) കമാൻഡർ, പ്ലാറ്റൂൺ ലീഡർ, ഇൻസ്പെക്ഷൻ കമാൻഡർ തുടങ്ങിയ നിരവധി പ്രധാന പദവികൾ ഋദ്ധിക്ക് തേടിയെത്തി. ഒടുവിൽ തന്റെ മികവുകൊണ്ട് ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ എന്ന പരമോന്നത പദവിയിലേക്ക് ഈ പതിനേഴുകാരി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇപ്പോൾ ബറ്റാലിയന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും, പരിശീലന സെഷനുകൾക്ക് മേൽനോട്ടം വഹിക്കുന്നതും, ജൂനിയർ കേഡറ്റുകൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും ഋദ്ധിയാണ്. ആഴ്ചയിൽ നാല് ദിവസവും പുലർച്ചെ ഏഴ് മണിക്ക് മുൻപ് തന്നെ സ്കൂളിലെത്തി പരേഡ് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഈ മിടുക്കി പതിവ് ക്ലാസുകളിലേക്ക് പ്രവേശിക്കുന്നത്.









