കെഎസ്‌യു സംസ്ഥാന അധ്യക്ഷന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകുന്നില്ലെന്ന ആക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കോൺഗ്രസ് വക്താവ് വി.ആർ. അനൂപാണ് മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി ആദ്യം രംഗത്തെത്തിയത്.
ഹിന്ദു ഐക്യവേദിക്ക് ലഭിക്കുന്ന പരിഗണനയെങ്കിലും സ്വന്തം പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ അധ്യക്ഷന് നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും, മുൻപ് പി.എം. നിയാസും അലോഷ്യസ് സേവ്യറും നേരിട്ടത് സമാനമായ അവഗണനയാണെന്നും അനൂപ് ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രതിനിധികൾക്ക് മുഖ്യമന്ത്രിയെ കാണാൻ സമയം ലഭിക്കണമെന്നത് ഏതൊരു സാധാരണ കോൺഗ്രസുകാരന്റെയും വികാരമാണ്. പല്ലി സ്വന്തം വാല് മുറിച്ചുകളയുന്നത് പോലെ തങ്ങളുടെ ഭൂതകാലവും രാഷ്ട്രീയ പാരമ്പര്യവും ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്കോ തങ്ങൾക്കോ കഴിയില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അനൂപ് വ്യക്തമാക്കി.
കെ.സി. വേണുഗോപാൽ പക്ഷക്കാരനായ അനൂപിന്റെ ഈ പരസ്യ പ്രതികരണത്തിന് പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശൻ ക്യാമ്പിലെ പ്രമുഖ നേതാവായ രാജു പി. നായർ ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തി. മോഹഭംഗം സംഭവിച്ച ചിലർ പാർട്ടിയുടെ ഔദ്യോഗിക പദവികളിൽ ഇരുന്നുകൊണ്ട് സംഘപരിവാറിനും സിപിഎമ്മിനും വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് രാജു പി. നായർ ആഞ്ഞടിച്ചു. പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ കുറച്ചുകൂടി ഗൗരവത്തോടെ വേണം പെരുമാറാൻ. സർക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ ഏതെങ്കിലും തീരുമാനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് ആദ്യം ഉന്നയിക്കേണ്ടത് കെ.പി.സി.സി. പ്രസിഡന്റിനോടോ അല്ലെങ്കിൽ മുഖ്യമന്ത്രിയോടോ നേരിട്ടാണ്.
അതിന് മുതിരാതെ, ഹിന്ദു ഐക്യവേദി നേതാക്കന്മാർ മുഖ്യമന്ത്രിയെ കണ്ടതിനെ ഇതിലേക്ക് കൂട്ടിക്കെട്ടി പരസ്യമായി പ്രതികരിക്കുന്നത് നിഷ്കളങ്കമായ രാഷ്ട്രീയമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങളുടെ തോളിൽ കയറിയിരുന്ന് സ്വന്തം പാർട്ടിയുടെ ചെവി കടിക്കുന്ന ഇത്തരം ആളുകൾ യഥാർത്ഥത്തിൽ ആരുടെ ‘വക്താക്കൾ’ ആണെന്ന് സ്വയം ചിന്തിക്കണമെന്നും രാജു പി. നായർ ഫേസ്ബുക്കിൽ കുറിച്ചതോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.










