ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് പിന്നാലെ മറ്റൊരു സൂപ്പർതാരമായ ആമിർ ഖാനെയും ലക്ഷ്യമിട്ട് കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘം. ലവ് ജിഹാദ് ആരോപണങ്ങൾ ഉന്നയിച്ച് ആമിർ ഖാന് നേരെ ബിഷ്‌ണോയ് ഗ്യാങ് വധഭീഷണി മുഴക്കിയതായാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അർസു ബിഷ്‌ണോയിയും സംഘാംഗമായ ടൈസൺ ബിഷ്‌ണോയിയും പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റും ഒപ്പം പ്രചരിക്കുന്ന ഒരു ഓഡിയോ ക്ളിപ്പും സമൂഹമാദ്ധ്യമങ്ങളിൽ വൻ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഭീഷണി സന്ദേശങ്ങളുടെ ആധികാരികത എത്രത്തോളമുണ്ടെന്ന് മുംബൈ പൊലീസിന്റെ സൈബർ വിംഗ് വിശദമായി പരിശോധിച്ച് വരികയാണ്.
ലവ് ജിഹാദ് എന്ന പേരിൽ രാജ്യത്തിന്റെ സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആമിർ ഖാനെപ്പോലുള്ളവരെ തങ്ങൾ വെറുതെ വിടില്ലെന്നും, ഇതിന് വളരെ വേഗം തന്നെ തങ്ങളുടേതായ രീതിയിൽ മറുപടി നൽകുമെന്നുമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ബിഷ്‌ണോയ് സംഘം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്റ്റാർഡത്തിന്റെ (താരപ്പകിട്ടിന്റെ) മറവിൽ സനാതന ധർമ്മത്തിനും രാജ്യത്തിനും എതിരായി പ്രവർത്തിക്കുന്നവരുടെ അഹങ്കാരം തച്ചുടയ്ക്കുമെന്നും, ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്യത്തെ പൗരന്മാർക്ക് തങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. സൽമാൻ ഖാനെതിരെയുള്ള നിരന്തര ഭീഷണികൾക്ക് ശേഷം ബോളിവുഡിലെ മറ്റൊരു പ്രമുഖ നടന് നേരെയും ബിഷ്‌ണോയ് സംഘത്തിന്റെ നിഴൽ വീണത് സിനിമാ ലോകത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ആമിർ ഖാൻ മൂന്നാമതും വിവാഹിതനായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ ലവ് ജിഹാദ് ആരോപണങ്ങൾ വ്യാപകമായി ഉയർന്നത്. താരം ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡറാണെന്ന രീതിയിലുള്ള സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും ശക്തമായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം മുൻപ് തന്നെ ആമിർ ഖാൻ ശക്തമായി തള്ളിക്കളഞ്ഞിരുന്നു. തങ്ങളുടേത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മതേതര കുടുംബമാണെന്നും, തന്റെ രണ്ട് സഹോദരിമാരും മകളും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുക്കളെയാണെന്നുമാണ് ആമിർ പ്രതികരിച്ചത്. തന്റെ മുൻ ഭാര്യമാരായ റീനയോ കിരണോ ആരും തന്നെ മതം മാറിയിട്ടില്ലെന്നും സിവിൽ നിയമപ്രകാരമാണ് വിവാഹങ്ങൾ നടന്നതെന്നും വ്യക്തമാക്കിയ ആമിർ, ഇത്തരത്തിലുള്ള പ്രചാരണങ്ങളെ തള്ളുകയായിരുന്നു.









