ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് ചൈന പിൻവാങ്ങുകയാണെന്നും ബീജിംഗിന് ഇസ്ലാമാബാദിനോട് കടുത്ത അതൃപ്തിയുണ്ടെന്നും ആരോപണവുമായി ജമിയത്ത് ഉലമ-ഇ-ഇസ്ലാം (JUI-F) തലവൻ മൗലാന ഫസ്‌ലൂർ റഹ്മാൻ. പാകിസ്ഥാന്റെ സാമ്പത്തിക പരമാധികാരവും വിദേശ ഏജൻസികളുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടി സംസാരിക്കവെയാണ് ചൈനയും പാകിസ്ഥാനും തമ്മിലുള്ള അസ്വാരസ്യങ്ങളെക്കുറിച്ച് പ്രമുഖ നേതാവ് തുറന്നടിച്ചത്.
ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്നും ചൈന പിന്നോട്ട് പോകുന്നതായാണ് റിപ്പോർട്ടുകളെന്ന് റഹ്മാൻ പറഞ്ഞു. എന്നാൽ പ്രവിശ്യയിലെ വമ്പൻ പദ്ധതികളായ റെക്കോ ദിഖ്, സൈൻഡക് എന്നിവ നിലവിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ദശാബ്ദങ്ങൾ പിന്നിട്ടിട്ടും സൈൻഡക് പദ്ധതിയുടെ പ്രവർത്തനം പ്രതീക്ഷിച്ച രീതിയിൽ നേട്ടമുണ്ടാക്കാൻ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു. സ്വന്തം മണ്ണിലെ വിഭവങ്ങൾക്കൊണ്ട് പാകിസ്ഥാന് യഥാർത്ഥത്തിൽ ഒരു നേട്ടവുമില്ലെന്നും, ഖനനം ചെയ്തെടുക്കുന്ന വൻ വിഭവങ്ങൾ ആരുടെ കൈകളിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.
രാജ്യത്തെ നയരൂപീകരണത്തിൽ ഭരണകൂടവും സൈന്യവും വരുത്തുന്ന വീഴ്ചകളെ രൂക്ഷമായ ഭാഷയിലാണ് റഹ്മാൻ കുറ്റപ്പെടുത്തിയത്. “പാകിസ്ഥാനിൽ രാഷ്ട്രീയ അടിമത്തം ഇപ്പോഴും നിലനിൽക്കുന്നുണ്ട്; അതിൻറെ രൂപം മാറിയെന്ന് മാത്രം. സാമ്പത്തികമായി അന്താരാഷ്ട്ര നാണയ നിധിയെയും (IMF) ലോകബാങ്കിനെയും മറ്റ് വിദേശ വായ്പാ ഏജൻസികളെയും രാജ്യം ഇപ്പോഴും പൂർണ്ണമായി ആശ്രയിക്കുകയാണ്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ഏജൻസികൾ രാജ്യത്തിന്റെ പരമാധികാരത്തിൽ നിരന്തരം ഇടപെടുകയാണെന്നും പാകിസ്ഥാന്റെ വിഭവങ്ങൾ വിദേശികൾ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












